എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വെസ്റ്റ്ഹാമിനെ തകർത്ത് അടുത്ത സീസണിലേക്കുള്ള യുറോപ്യൻ പ്രതീക്ഷകൾ വിദൂരമെങ്കിലും നിലനിർത്തി കൊണ്ട് ബ്രെന്റ്ഫോർഡ്. എംബ്വെമോ, വിസ എന്നിവർ ജേതാക്കൾക്കായി വല കുലുക്കി. ജയത്തോടെ ഒൻപതാം സ്ഥാനത്തുള്ള ബ്രെന്റ്ഫോർഡ്, സീസണിൽ ആദ്യ പത്തിൽ തന്നെ ഫിനിഷ് ചെയ്യാൻ സാധിക്കുമെന്ന് ഉറപ്പു വരുത്തി. വെസ്റ്റ്ഹാം ആവട്ടെ കണക്കിലെ കളികളിൽ തരം താഴ്ത്തൽ ഇതുവരെ ഒഴിവാക്കിയിട്ടില്ലെങ്കിലും റിലെഗേഷൻ സോണിൽ നിന്നും ആറു പോയിന്റ് മുകളിൽ ആണ്.
മുന്നേറ്റ നിരയുടെ കുന്തമുന ഐവാൻ ടോണി ഇല്ലാതെ ഇറങ്ങിയിട്ടും ബ്രെന്റ്ഫോർഡ് തന്നെ ആയിരുന്നു കളത്തിൽ കൂടുതൽ അപകടകാരികൾ. കോൺഫറൻസ് ലീഗ് മത്സരം മുന്നിൽ ഉള്ളതിനാൽ ഡെക്ലൻ റൈസ്, ബോവൻ, പക്വെറ്റ എന്നിവരൊന്നും ഇല്ലാതെ ഇറങ്ങിയ വെസ്റ്റ്ഹാം അതിഥേയർക്ക് മുന്നിൽ പതറി. ഏഴാം മിനിറ്റിൽ ഡാംസ്ഗാർഡിന്റെ ഹെഡർ ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. ഇരു ടീമുകളും കൃത്യമായ അവസരങ്ങൾ സൃഷ്ടിക്കാതെ മത്സരം മുന്നേറുന്നതിനിടയിൽ ബ്രെന്റ്ഫോർഡ് ലീഡ് എടുത്തു. എതിർ പകുതിയിൽ നിന്നും ഡംസ്ഗാർഡ് റാഞ്ചിയെടുത്ത ബോളിൽ നിന്നും പൊട്ടിമുളച്ച നീക്കത്തിൽ നിന്നാണ് ഗോൾ പിറന്നത്. ബോക്സിന് തൊട്ടു പുറത്തു നിന്നും ജെൻസൻ നൽകിയ പാസിൽ മാർക് ചെയ്യപ്പെടാതെ നിന്ന എംബ്വെമോ അനായാസം വല കുലുക്കി. 43ആം മിനിറ്റിൽ ബ്രെന്റ്ഫോർഡ് ലീഡ് ഇരട്ടിയാക്കി. ജെൻസൺ ബോക്സിലേക്ക് നീട്ടി നൽകിയ ത്രോ മീയുടെ ഹെഡറിലൂടെ ഹെഡറിലൂടെ വിസയുടെ മുൻപിൽ എത്തിയപ്പോൾ താരത്തിന് പിഴച്ചില്ല. ഇടവേളക്ക് തൊട്ടു മുൻപ് ഇങ്സിന്റെ ശ്രമം റയ തടുത്തതോടെ ഗോൾ മടക്കാൻ വെസ്റ്റ്ഹമിനായില്ല.
രണ്ടാം പകുതിയിലും ബ്രെന്റ്ഫോർഡ് മികച്ച രീതിയിൽ തുടങ്ങി. 51 ആം മിനിറ്റിൽ മൂന്നാം ഗോൾ നേടാനുള്ള അവസരം വിസ നഷ്ടപ്പെടുത്തി. പിന്നീട് റൈസ്, മുബാമ, ബെർറാമ എന്നിവരെ മോയസ് കളത്തിൽ ഇറക്കി. 67ആം മിനിറ്റിൽ ഇങ്സിലൂടെ വെസ്റ്റ്ഹാം ഗോൾ മടക്കി എങ്കിലും വാർ ചെക്കിൽ മുന്നെത്തിനിടെ മുബാമയുടെ ഹാൻഡ്ബോൾ ശ്രദ്ധയിൽ പെട്ടതോടെ റഫറി ഗോൾ പിൻവലിച്ചു. പിന്നീട് ബ്രെന്റ്ഫോർഡിന് അർധാവസരങ്ങൾ വീണു കിട്ടിയെങ്കിലും ഗോൾ ആക്കി മാറ്റാൻ സാധിച്ചില്ല.