ക്ലബ്ബ് ചരിത്രത്തിൽ ആദ്യമായി യൂറോപ്യൻ മത്സരങ്ങൾക്ക് യോഗ്യത സ്വപ്നം കാണുന്ന ടീമുകളുടെ പോരാട്ടത്തിൽ ആവേശ സമനില. ബ്രൈറ്റണിന്റെ തട്ടകത്തിൽ മൂന്ന് തവണ ലീഡ് എടുത്ത ബ്രെന്റ്ഫോർഡ്, എന്നാൽ കീഴടങ്ങാൻ കൂട്ടാക്കാതെ പൊരുതിയ ആതിഥേയരോട് സമനിലയിൽ പിരിഞ്ഞു. മിതോമയും വെൽബാക്കും മാക് അലിസ്റ്ററും ബ്രൈറ്റണിന് വേണ്ടി വല കുലുക്കി. ജാൻസനും ഐവാൻ ടോണിയും പിന്നോക്കും ആണ് ബ്രെന്റ്ഫോർഡിന്റെ ഗോളുകൾ കണ്ടെത്തിയത്. ഇതോടെ ബ്രൈറ്റൺ ആറാമതും ബ്രെന്റ്ഫോർഡ് ഏഴാമതും തുടരുകയാണ്.
ആദ്യ പകുതിയിൽ ബ്രൈറ്റൺ ആക്രമണം മാത്രം ലക്ഷ്യം വെച്ചിറങ്ങിയപ്പോൾ എതിർ പോസ്റ്റിലേക്ക് തുടർച്ചായി പന്തെത്തി. എന്നാൽ ലഭിച്ച അവസരങ്ങളിൽ ഗോൾ നേടാൻ ബ്രെന്റ്ഫോർഡിനായി. പത്താം മിനിറ്റിൽ തന്നെ എതിർ തട്ടകത്തിൽ അവർ ലീഡ് എടുത്തു. ജെൻസണിന്റെ ക്രോസിൽ നിന്നും ഹെഡർ ഉതിർത്ത് ജാൻസനാണ് വല കുലുക്കിയത്. 21ആം മിനിറ്റിൽ ബ്രൈറ്റൺ സമനില ഗോൾ നേടി. ഗോൾ കീപ്പർ സ്റ്റീലെ ഉയർത്തി വിട്ട പന്ത് എതിർ പ്രതിരോധത്തെ മറികടന്ന് നിയന്ത്രിച്ച മിതോമ, മുന്നോട്ടു കയറി വന്ന റയയുടെ മുകളിലൂടെ ചിപ്പ് ചെയ്തിടുകയായിരുന്നു. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ ബ്രെന്റ്ഫോർഡ് വീണ്ടും ലീഡ് വീണ്ടെടുത്തു. ത്രോയിലൂടെ എത്തിയ ബോൾ എംബ്വെമോ ബോക്സിലേക്ക് നൽകിയപ്പോൾ ഐവാൻ ടോണിക്ക് ഗോൾ കീപ്പറേ മറികടക്കേണ്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ. തളരാതെ പോരാടിയ ബ്രൈറ്റൺ 28ആം മിനിറ്റിൽ ഒരിക്കൽ കൂടി സമനില ഗോൾ നേടി. വലത് വിങ്ങിലൂടെ എത്തിയ മാർഷിന്റെ ക്രോസ് നൽകാനുള്ള ആദ്യ ശ്രമം ബ്രെന്റ്ഫോർഡ് പ്രതിരോധം തടുത്തെങ്കിലും അടുത്ത തവണ താരം കൃത്യമായി നൽകിയ ക്രോസ് വെൽബാക്ക് ഹെഡറിലൂടെ വലയിൽ എത്തിച്ചു. പിന്നീട് ബ്രൈറ്റണിന്റെ തുടർച്ചയായ അക്രമങ്ങൾ ആണ് കണ്ടത്. ഇടത് വിങ്ങിലൂടെ ബോക്‌സിൽ എത്തിയ മിതോമയുടെ നീക്കം നിർഭാഗ്യം കൊണ്ടു മാത്രം ഗോളിൽ കലാശിക്കാതെ പോയി. മാക് അലിസ്റ്ററിന്റെ ലോങ് റേഞ്ച് ഷോട്ട് റയ തടുത്തു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്രെന്റ്ഫോർഡ് ലീഡ് വീണ്ടെടുത്തു. എംബ്വെമോയുടെ ഫ്രീകിക്കിൽ മികച്ചൊരു ഫിനിഷിങിലൂടെ പിന്നോക്ക് ആണ് ഗോൾ കണ്ടെത്തിയത്. പിന്നീട് ബ്രെന്റ്ഫോർഡ് പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു കൗണ്ടർ അറ്റാക്കിങ് അവസരങ്ങൾക്കായി കാത്തിരുന്നു. ബ്രൈറ്റൺ സമനില ഗോളിനായി ശ്രമങ്ങൾ തുടർന്നു. കായ്സെഡോയുടെ മികച്ചൊരു ഷോട്ട് റയ തട്ടിയകറ്റി. റയയുടെ മികച്ച പ്രകടനമാണ് പലപ്പോഴും ബ്രൈറ്റണെ ഗോളിൽ നിന്നും അകറ്റിയത്. മുഴുവൻ സമയത്തിന് മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ബോക്സിനുള്ളിൽ വെച്ച് ഉണ്ടാവിന്റെ ഷോട്ട് തടയാൻ ശ്രമിച്ച ഹിക്കെയുടെ കൈകളിൽ തട്ടിയപ്പോൾ ബ്രൈറ്റണ് റഫറി പെനാൽറ്റി അനുവദിച്ചു. കിക്ക് എടുത്ത മാക് അലിസ്റ്ററിന് പിഴച്ചില്ല. മുപ്പതിനു മുകളിൽ ഗോൾ ശ്രമങ്ങൾ നടത്തിയ ബ്രൈറ്റണ് സ്വന്തം തട്ടകത്തിൽ വിജയം കൈവിട്ടത് തിരിച്ചടി തന്നെയാണ്.