ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ മികച്ച തുടക്കം തുടർന്ന് ബോർൺമൗത്. പുതിയ പരിശീലകനും ആയി എത്തിയ നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് ബോർൺമൗത് തോൽപ്പിച്ചത്. ജയത്തോടെ 9 മത്സരങ്ങൾക്ക് ശേഷം 18 പോയിന്റുകളും ആയി ലീഗിൽ രണ്ടാമത് എത്താനും അവർക്ക് ആയി. 25 മത്തെ മിനിറ്റിൽ നേരിട്ട് കോർണറിൽ നിന്നു ക്യാപ്റ്റൻ മാർകസ് ടാവർണിയർ നേടിയ ഗോളും കഴിഞ്ഞ മത്സരത്തിൽ ഇരട്ടഗോൾ നേടിയ 19 കാരനായ എലി കോർപി 40 മത്തെ മിനിറ്റിൽ നേടിയ ഗോളും ആണ് ബോർൺമൗതിനു ജയം സമ്മാനിച്ചത്.

അതേസമയം തരം താഴ്ത്തൽ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ ബേർൺലിയോട് 3-2 ന്റെ പരാജയം ഏറ്റുവാങ്ങി വോൾവ്സ്. ലീഗിൽ ഇത് വരെ ജയിക്കാൻ ആവാത്ത വോൾവ്സ് വെറും 2 പോയിന്റും ആയി അവസാന സ്ഥാനത്ത് ആണ്. അതേസമയം ജയത്തോടെ ബേർൺലി 16 സ്ഥാനത്തേക്ക് കയറി. സിയാൻ ഫ്ലമിങ്ങിന്റെ ഇരട്ടഗോളിൽ 30 മിനിറ്റിൽ തന്നെ ബേർൺലി മത്സരത്തിൽ 2-0 മുന്നിൽ എത്തി. എന്നാൽ ആദ്യ പകുതിയിൽ തന്നെ ലാർസന്റെ പെനാൽട്ടിയും മാർഷലിന്റെ ഗോളും വോൾവ്സിന് സമനില നൽകി. രണ്ടാം പകുതിയിൽ വോൾവ്സിന് മുന്നിൽ ബേർൺലി ഗോൾ കീപ്പർ ഡുബ്രാവ്ക വില്ലനായി. തുടർന്ന് 95 മത്തെ മിനിറ്റിൽ വിജയഗോൾ നേടിയ പകരക്കാരൻ ലെയിൽ ഫോസ്റ്റർ വോൾവ്സിന് ലീഗിലെ ഏഴാം പരാജയം സമ്മാനിക്കുക ആയിരുന്നു.














