പ്രീമിയർ ലീഗ് പുതിയ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പോയിന്റ് പങ്കു വെച്ച് ബോൺമൗത്തും വെസ്റ്റ്ഹാമും. ബോൺമൗത്തിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ചു ഇരു ടീമുകളും പിരിയുകയായിരുന്നു. ബോവൻ, സോളങ്കി എന്നിവർ മത്സരത്തിലെ ഗോളുകൾ കണ്ടെത്തി. ചെൽസിയാണ് വെസ്റ്റ്ഹാമിന്റെ അടുത്ത എതിരാളികൾ.
വെസ്റ്റ്ഹാമിന്റെ നീക്കങ്ങളോടെയാണ് മത്സരം ആരംഭിച്ചത് പുതിയ കോച്ച് ഇരാവോളക്ക് കീഴിലെ ആദ്യ മത്സരത്തിൽ താളം കണ്ടെത്താൻ ബോൺമൗത്ത് നന്നേ വിഷമിച്ചു. സൗഷെക്കിന്റെ തകർപ്പൻ ഒരു നീകത്തിനൊടുവിൽ തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി കീപ്പറുടെ കൈകളിലേക്ക് തിരിഞ്ഞെത്തിയപ്പോൾ വെസ്റ്റ്ഹാം ആരാധകർ തലയിൽ കൈവെച്ചു. 35ആം മിനിറ്റിൽ വെസ്റ്റ്ഹാം കോർണറിൽ നിന്നെത്തിയ പന്തിൽ ഗോൾ ലൈൻ സേവിലൂടെ സോളങ്കി ആണ് ബോൺമൗത്തിന്റെ രക്ഷക്കെത്തിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രൂക്ക്സിന്റെ ലോങ് റേഞ്ചർ അരിയോള പോസ്റ്റിന് മുകളിലൂടെ തട്ടിയകറ്റി. 52ആം മിനിറ്റിൽ വെസ്റ്റ്ഹാമിന്റെ ഗോൾ എത്തി. ബോൺമൗത്തിന്റെ ബോക്സിന് പുറത്തു നിന്നും തിരിച്ചു പിടിച്ച ബോൾ സൗഷെക്കിലൂടെ ബോവനിൽ എത്തിയപ്പോൾ താരം ഒട്ടും സമയം പാഴാക്കാതെ തൊടുത്തു വിട്ട അതിമനോഹരമായ ഒരു ഷോട്ട് വലയിൽ പതിക്കുകയായിരുന്നു. ശേഷം ബോൺമൗത്ത് പതിയെ താളം വീണ്ടെടുത്തു തുടങ്ങി. റോത്വെല്ലിന്റെ ശക്തിയേറിയ ഒരു ഷോട്ട് അരിയോളക്കും പിടി കൊടുക്കാതെ പോസ്റ്റിൽ ഇടിച്ചാണ് തെറിച്ചത്. 82ആം മിനിറ്റിൽ സമനില ഗോൾ എത്തി. സെമേന്യോ തൊടുത്ത ഷോട്ട് വെസ്റ്റ്ഹാം പ്രതിരോധത്തിൽ തട്ടി ബോക്സിനുള്ളിൽ സോളങ്കിയുടെ കാലുകളിൽ എത്തിയപ്പോൾ താരം കീപ്പറേ മറികടന്ന് വല കുലുക്കുകയായിരുന്നു. ശേഷം പക്വെറ്റയുടെ ശ്രമം പോസ്റ്റിൽ ഇടിച്ചു തെറിച്ചു. ഇഞ്ചുറി ടൈമിലും ഗോൾ നേടാൻ ടീമുകൾക്ക് സാധിക്കാതെ വന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു.