സമനിലയിൽ പിരിഞ്ഞ് ബോൺമതും ബ്രെന്റ്ഫോർഡും

Nihal Basheer

ബോൺമത്തിന്റെ തട്ടകത്തിൽ വെച്ചു നടന്ന മത്സരത്തിൽ ആതിഥേയരുമായി പോയിന്റ് പങ്കുവെച്ച് ബ്രെന്റ്ഫോർഡ്. അവസാന മത്സരത്തിൽ ആഴ്‌സനലിനോടേറ്റ തോൽവിയിൽ നിന്നും തിരിച്ചു കയറാൻ വിജയം ഉറപ്പിച്ചിറങ്ങിയ ബ്രെണ്ട്ഫോഡിന് പക്ഷെ എതിരാളികളുടെ വല കുലുക്കാൻ ആയില്ല. താൽക്കാലിക കോച്ച് ആയി ചുമതലയേറ്റ ഓ’നീലിന് കീഴിൽ തരക്കേടില്ലാത്ത പ്രകടനം തുടരുന്ന ബോൺമത്തിന് ഇതോടെ ലീഗിൽ പന്ത്രണ്ടാം സ്ഥാനത്തേക്ക് കയറാനായി. ബ്രെന്റ്ഫോർഡ് പത്താമതാണ്.

20221001 220132

പുതിയ താരം ഡംസ്ഗാർഡിന്റെ ശ്രമത്തോടെ ബ്രന്റ്ഫോഡ് ആണ് ആക്രമണത്തിന് തുടക്കമിട്ടത്. സെമുറയെ വീഴ്ത്തിയതിന് ബോൺമത് പെനാൽറ്റി ആവശ്യപ്പെട്ടെങ്കിലും വീഡിയോ പരിശോധിച്ച റഫറി ആവശ്യം നിരാകരിച്ചു. ഇതോടെ ഗോൾ രഹിതമായി ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയിൽ കോർണറിലൂടെ എത്തിയ ബോൾ ലെർമ ഗോളിലേക്ക് വഴി തിരിച്ചെങ്കിലും ഐവാൻ ടോണി ബ്രെന്റ്ഫോഡിന്റെ രക്ഷകനായി. തുടർന്ന് അവസരങ്ങൾ ലഭിച്ചെങ്കിലും വലകുലുക്കാൻ ഇരു ടീമുകളും കഴിയാതെ വന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു.