primus mobile
primus mobile

ആഴ്സണലിൽ പുതുയുഗം?

നിക്കോളാസ് പെപ്പയെ റെക്കോർഡ് തുകക്ക് സ്വന്തമാക്കിയ ആഴ്‌സണൽ കൂടുതൽ ശ്രദ്ധേയോടെയും കണിശതയോടെയും ആണ് പുതിയ ഓരോ തീരുമാനങ്ങൾ എടുക്കുന്നത് എന്ന സൂചന ക്ലബ് മാനേജ്‌മെന്റ് കുറെ നാളായി പുറത്ത് വിടുന്നുണ്ട്. ഇത് കൂടുതൽ തെളിയിക്കുന്ന വാർത്തകൾ ആണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും ആഴ്‌സണലുമായി ബന്ധപ്പെട്ട് പുറത്ത് വിടുന്ന വാർത്തകൾ. കളിക്കാരെ നിലനിർത്തുന്നതിൽ അടക്കം കൂടുതൽ കണിശമായ തീരുമാനങ്ങൾ ആണ് ആഴ്‌സണൽ മാനേജ്‌മെന്റ് പിന്തുടരുന്നത് എന്നതിനുള്ള സൂചന ക്യാപ്റ്റൻ ലോറന്റ് കോഷേലനിയുമായി ഉയർന്ന വിവാദത്തിൽ നിന്നു തന്നെ വ്യക്തമായി. മുമ്പ് പലപ്പോഴും താരങ്ങളെ നിലനിർത്താൻ എല്ലാ പണിയും എടുത്ത് പരാജയപ്പെട്ടു വലിയ നഷ്ടത്തോടെ താരങ്ങളെ നഷ്ടമാകുന്ന കാഴ്ച സ്ഥിരമായിരുന്നു ആഴ്‌സണലിൽ. ഈ അടുത്ത് അലക്സിസ് സാഞ്ചസ്, ആരോൺ റമ്സി തുടങ്ങിയവരെ നഷ്ടപ്പെട്ടത് ഏതാണ്ട് ഈ വിധം ആയിരുന്നു.

എന്നാൽ ഇപ്പോൾ കോഷേലനിയിൽ കണ്ട പോലെ ക്ലബിനു തൃപ്തിപ്പെടുന്ന രീതിയിൽ തുടരാൻ സാധിക്കുന്നവരെ നിലനിർത്തുക ഇല്ലെങ്കിൽ വിൽക്കുക എന്ന സമീപനം ക്ലബ് കണിശമാക്കി. ഇപ്പോഴത്തെ ആഴ്‌സണൽ ടീമിൽ രണ്ട് വർഷത്തെ കരാർ എങ്കിലും ഇല്ലാത്തവർ വളരെ കുറവാണ് എന്നത് ഇതിനു വ്യക്തമായ സൂചനയാണ്. പ്രധാനതാരങ്ങൾ ആയ ലാക്കസെറ്റ, ഒബമയാങ് എന്നിവർക്ക് മുമ്പിൽ ക്ലബ് വലിയ ഓഫറുകൾ മുമ്പോട്ടു വച്ചിട്ടുണ്ട് എന്ന സൂചനകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. താരങ്ങളെ നഷ്ടമാകാതിരിക്കാനുള്ള മുൻകരുതൽ ആയി വേണം ഇതിനെ കാണാൻ. തുടർച്ചയായ മൂന്നാം വർഷവും യൂറോപ്പ ലീഗ് കളിക്കുന്ന ആഴ്‌സണൽ ഇത്തവണ എന്ത് വിലയും കൊടുത്ത് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ഉറച്ചാണ് എന്നതിന്റെ സൂചനകൾ ആണ് ക്ലബിന്റെ പുതിയ സമീപനങ്ങൾ. ഒപ്പം യൂറോപ്യൻ മുഖ്യധാരയിലേക്ക് ക്ലബ് മടങ്ങേണ്ട ആവശ്യകതയും ക്ലബ് തിരിച്ചറിയുന്നു.

പെപ്പക്ക് പുറമെ പ്രതിരോധ താരങ്ങളെയും ഇത്തവണ ടീമിൽ എത്തിക്കാൻ ഉള്ള ഊർജിതമായ ശ്രമത്തിൽ ആണ് ആഴ്‌സണൽ. വെറും 40 മില്യൻ യൂറോ മാത്രമേ ആഴ്‌സണൽ ചിലവാക്കൂ എന്ന നിരാശാജനകമായ വാർത്ത ആദ്യം ഞെട്ടിച്ച ആരാശകർക്കും ഇത് വലിയ ഉണർവാണ് പകർന്നത്. പുതിയ താരങ്ങൾ എത്തും എന്നു ഉറപ്പ് പറഞ്ഞ ആഴ്‌സണൽ ഉടമ സ്റ്റാൻ കോരോങ്കയുടെ മകൻ ജോഷ് കോരോങ്ക തന്റെ വാക്ക് പാലിച്ചപ്പോൾ ഉടമകൾക്ക് എതിരായ വലിയ പ്രതിഷേധത്തിനും കുറവ് വന്നിട്ടുണ്ട് ആരാധകർക്ക് ഇടയിൽ. ഒപ്പം റൗൾ സനല്ലെനി, എഡു, തുടങ്ങിയ ആഴ്‌സണൽ മാനേജ്‌മെന്റ് ടീമിന്റേതും പരിശീലകൻ ഉനയ് എമറെയുടേതും പരിശ്രമത്തിന്റെ ഫലങ്ങൾ കൂടിയാണ് ഈ മാറ്റങ്ങൾ. ഇത്തവണ ഇല്ലെങ്കിലും ഒന്നു രണ്ട് ട്രാസ്ഫർ ജാലകങ്ങളിലൂടെ കിരീടപോരാട്ടത്തിനു കെൽപ്പുള്ള ഒരു ടീമിനെ ഉനയ് എമറെക്ക് നൽകാൻ ആഴ്‌സണലിന്റെ മാനേജ്‌മെന്റിനു സാധിക്കും എന്ന് ഏതാണ്ട് ഉറപ്പാണ്‌. സമീപകാലത്തെ കടുത്ത നിരാശകൾക്ക് ശേഷം ആഴ്‌സണലിനെ കാത്തിരിക്കുന്നത് സന്തോഷത്തിന്റെ പുതുയുഗം ആണോ എന്ന് നമുക്ക് കണ്ടു തന്നെ അറിയാം.