ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം ഒരോ മത്സരം കഴിയുമ്പോഴും മാറിമറയുകയാണ്. ഇന്ന് മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വില്ലയെ തോൽപ്പിച്ചതോടെ സിറ്റി ഒന്നാമത് ആയിരിക്കുകയാണ്. ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വില്ലയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്. ആസ്റ്റൺ വില്ലയുടെ പ്രതിരോധം ഭേദിക്കാൻ ഇന്ന് കുറച്ചൊന്നുമല്ല സിറ്റി കഷ്ടപ്പെട്ടത്.
28 ഷോട്ടുകൾ സിറ്റി ഇന്ന് തൊടുത്തു. സേവുകളും ബ്ലോക്കുകളും ഒക്കെ ആയി വില്ല പിടിച്ചു നിൽക്കുകയായിരുന്നു. എന്നാൽ 79ആം മിനുട്ടിൽ ബെർണാഡോ സിൽവയുടെ ഗോൾ സിറ്റിക്ക് ലീഡ് നൽകി. മനോഹരമായ ഗോൾ ആയിരുന്നു അത്. ഇതിനു ശേഷം 90ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടിയിൽ നിന്ന് ഗുണ്ടോഗൻ സിറ്റിയുടെ രണ്ടാം ഗോളും മൂന്ന് പോയിന്റും ഉറപ്പിച്ചു. മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ അഞ്ചാം ക്ലീൻഷീറ്റാണിത്. ഈ വിജയത്തോടെ സിറ്റിക്ക് 38 പോയിന്റായി. ഇന്ന് തന്നെ നടാക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാം മത്സരത്തിൽ യുണൈറ്റഡ് ജയിച്ചാൽ വീണ്ടും യുണൈറ്റഡ് ഒന്നാമത് എത്തും.