ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിന് എതിരെ തിരിച്ചു വന്നു ജയിച്ചു ആസ്റ്റൺ വില്ല. വില്ല ആധിപത്യം കണ്ട മത്സരത്തിൽ ആദ്യ പകുതിയിൽ മൂസ ദിയാബി ഗോൾ നേടിയെങ്കിലും വാർ അത് ഓഫ് സൈഡ് വിളിച്ചു. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ എഡാർഡ് നേടിയ ഗോളിൽ പാലസ് മത്സരത്തിൽ മുന്നിലെത്തി. പരാജയം മുന്നിൽ കണ്ട വില്ല അവസാന നിമിഷങ്ങളിൽ അവിശ്വസനീയം ആയി ജയിക്കുന്നത് ആണ് കളിയിൽ കണ്ടത്. 87 മത്തെ മിനിറ്റിൽ ലൂകാസ് ഡീനിയുടെ പാസിൽ നിന്നു അതുഗ്രൻ ഗോളിലൂടെ പകരക്കാരനായി ഇറങ്ങിയ ഡുറാൻ വില്ലക്ക് സമനില സമ്മാനിച്ചു. ഇഞ്ച്വറി സമയത്ത് 98 മത്തെ മിനിറ്റിൽ വാറ്റ്ക്ൻസിനെ റിച്ചാർഡ്സ് വീഴ്ത്തിയതിന് റഫറി വില്ലക്ക് അനുകൂലമായി പെനാൽട്ടി വിധിച്ചു.
വാർ പരിശോധനക്ക് ശേഷവും ഈ പെനാൽട്ടി റഫറി അനുവദിച്ചു. തുടർന്ന് പെനാൽട്ടി എടുത്ത ഡഗ്ലസ് ലൂയിസ് അനായാസം പെനാൽട്ടി ലക്ഷ്യത്തിൽ എത്തിച്ചു. 101 മത്തെ മിനിറ്റിൽ സമനില ഗോളിന് ആയി കയറിയ പാലസിനെ ഞെട്ടിച്ചു കൗണ്ടർ അറ്റാക്കിൽ മൂസ ദിയാബിയുടെ പാസിൽ നിന്നു ഗോൾ നേടിയ ലിയോൺ ബെയ്ലി വില്ല ജയം പൂർത്തിയാക്കുക ആയിരുന്നു. അതേസമയം മറ്റൊരു മത്സരത്തിൽ സ്ഥാന കയറ്റം നേടി വന്ന ലൂറ്റൺ ടൗൺ നാലാം മത്സരത്തിലും തോറ്റു. ഫുൾഹാം ആണ് അവരെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നത്. അവസരങ്ങൾ പാഴാക്കിയത് ആണ് ലൂറ്റൺ ടൗണിനു വിനയായത്. മത്സരത്തിൽ 65 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങി മൂന്നു മിനിറ്റിനുള്ളിൽ ഗോൾ നേടിയ കാർലോസ് വിനീഷ്യസ് ആണ് ഫുൾഹാമിനു ആയി വിജയഗോൾ നേടിയത്.