ലെസ്റ്റർ സിറ്റിയെയും സ്റ്റീവ് ജെറാഡിന്റെ ആസ്റ്റൺ വില്ല പരാജയപ്പെടുത്തി. ജെറാഡിന്റെ മുൻ ബോസായിരുന്ന റോഡ്ജസിന്റെ ടീമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ആസ്റ്റൺ വില്ല തോൽപ്പിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് വില്ല ഇന്ന് വിജയിച്ചത്. വില്ലാപാർക്കിൽ നടന്ന മത്സരത്തിൽ 14ആം മിനുട്ടിൽ ഹാർവി ബാർൻസ് നേടിയ ഗോളിൽ ലെസ്റ്റർ സിറ്റി ആണ് ലീഡ് എടുത്തത്. ഈ ലീഡ് മിനുട്ടുകൾ മാത്രമേ നീണ്ടുനിന്നുള്ളൂ.
17ആം മിനുട്ടിൽ കോൻസയിലൂടെ വില്ല സമനില പിടിച്ചു. എഡു ബേഡിയയുടെ ഗോൾശ്രമം കോനസയുടെ ചെറിയ ടച്ചിന്റെ സഹായത്തിലൂടെയാണ് വലയിലെത്തിയത്. ആദ്യ പകുതിയുടെ അവസാനം റാംസെയിലൂടെ ആസ്റ്റൺ വില്ല രണ്ടാം ഗോൾ നേടി എങ്കിലും വാർ ആ ഗോൾ നിഷേധിച്ചു. ഗോളടിക്കും മുമ്പ് ഗോൾ കീപ്പർ കാസ്പർ ഷിമൈക്കിൾ പന്ത് നിയന്ത്രണത്തിൽ ആക്കിയിരുന്നു എന്നാണ് വാർ കണ്ടെത്തിയത്.
രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ കോൻസ തന്നെ ആസ്റ്റൺസ് വില്ലയ്ക്ക് വിജയ ഗോൾ നല്ലി. മഗിന്റെ ക്രോസ് ബാക്ക് പോസ്റ്റിൽ നിന്ന് കോൻസ ഹെഡ് ചെയ്ത് വലയിൽ എത്തിക്കുകയായിരുന്നു. ഈ വിജയത്തോടെ ആസ്റ്റൺ വില്ല 19 പോയിന്റുമായി ലീഗിൽ പത്താം സ്ഥാനത്തേക്ക് എത്തി.