ഭ്രാന്ത്!!! ഹാമിൾട്ടൻ!!! സൗദിയിൽ ജയിച്ച് വെർസ്റ്റാപ്പനു ഒപ്പം, ഇനി എല്ലാ കണ്ണും അവസാന റേസ് ആയ അബുദാബിയിൽ

Wasim Akram

ഫോർമുല വണ്ണിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ കിരീടപോരാട്ട അന്ത്യം കാത്ത് അബുദാബി. സൗദി അറേബ്യൻ ഗ്രാന്റ് പ്രീ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടൻ ജയിച്ചതോടെ കിരീടപോരാട്ടത്തിൽ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പനു പോയിന്റ് നിലയിൽ ഒപ്പമെത്തി ഹാമിൾട്ടൻ. നിലവിൽ 369.5 പോയിന്റുകൾ ആണ് ഇരുവർക്കും ഉള്ളത്. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഹാമിൾട്ടനു പിറകിൽ മൂന്നാമത് ആയി ആണ് വെർസ്റ്റാപ്പൻ ഇന്ന് റേസ് തുടങ്ങിയത്. കൂടിയിടികളും, പെനാൽട്ടിയും, ചുവപ്പ് കൊടിയും ഒക്കെ കണ്ട തീർത്തും നാടകീയമായ റേസിന് ആണ് സൗദി അറേബ്യയിലെ ആദ്യ ഗ്രാന്റ് പ്രീ സാക്ഷ്യം വഹിച്ചത്. ഇടക്ക് വെർസ്റ്റാപ്പൻ മുന്നിൽ കയറി എങ്കിലും ലീഡ് തിരിച്ചു പിടിച്ച ഹാമിൾട്ടൻ ജയം കാണുക ആയിരുന്നു. എല്ലാവരും കിരീട പോരാട്ടത്തിൽ എഴുതി തള്ളിയ ശേഷം ആയിരുന്നു ഹാമിൾട്ടന്റെ ഉയിർത്ത് എഴുന്നേൽപ്പ്.

വലിയ കൂട്ടിയിട്ടികൾ കണ്ടതിനാൽ റേസ് ഇടക്ക് നിർത്തി വക്കേണ്ടതും വന്നു. ഇടക്ക് മുന്നിൽ കയറിയ വെർസ്റ്റാപ്പനെ പിന്നിൽ നിന്ന് നിരന്തരം ആക്രമിച്ച ഹാമിൾട്ടൻ ഒടുവിൽ മുൻതൂക്കം തിരിച്ചു പിടിക്കുക ആയിരുന്നു. ഇടക്ക് പെനാൽട്ടി ലഭിച്ചു എങ്കിലും ഹാമിൾട്ടനു പിറകിൽ രണ്ടാമത് ആവാൻ സാധിച്ചത് വെർസ്റ്റാപ്പനു ആശ്വാസമായി. അവസാന ലാപ്പുകളിൽ തന്റെ മികവ് പുറത്ത് എടുത്തു ആൽപിന്റെ എസ്റ്റപാൻ ഒകോനെ മറികടന്ന മെഴ്‌സിഡസ് ഡ്രൈവർ ബോട്ടാസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. കടുത്ത സമ്മർദ്ദത്തിലും ഫോർമുല വണ്ണിലെ ക്ലാസിക് പ്രകടനം ആണ് ഹാമിൾട്ടൻ സൗദിയിൽ പുറത്ത് എടുത്തത്. നിലവിൽ ഇരുവർക്കും സമാനമായ പോയിന്റുകൾ ആണ് ഉള്ളത് എങ്കിലും വിജയം കൂടുതൽ ഉള്ളത് വെർസ്റ്റാപ്പനു മുൻതൂക്കം നൽകുന്നുണ്ട്. അതിനാൽ തന്നെ മുമ്പ് പലപ്പോഴും ഉരസലുകൾ സംഭവിച്ചതിനാൽ തന്നെ ഹാമിൾട്ടന്റെ കാറിൽ വെർസ്റ്റാപ്പൻ അബുദാബിയിൽ കാറ് ഇടിച്ചാലും അത്ഭുതം ഒന്നുമില്ല.