മിക്കേൽ ആർട്ടറ്റയെ നിയമിക്കുമ്പോൾ ആഴ്സണൽ ബോർഡും ആരാധകരും പ്രതീക്ഷിച്ചതിന് നേർ വിപരീതമാണ് ഇപ്പോൾ ലണ്ടൻ ക്ലബ്ബിൽ കാര്യങ്ങൾ നടക്കുന്നത്. ആഴ്സണൽ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയയിലൂടെയാണ് കടന്ന് പോകുന്നത്. ഇന്ന് സിറ്റിയോട് എതിരില്ലാത്ത 5 ഗോളുകൾക്ക് തോൽവി വഴങ്ങിയതോടെ മറ്റൊരു നാണക്കേട് കൂടെ ആർട്ടറ്റ ആഴ്സണലിന് സമ്മാനിച്ചു. ക്ലബ്ബിന്റെ 135 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് അവർ ആദ്യത്തെ 3 കളികളിൽ ഗോൾ ഒന്നും നേടാതെ തോൽവി വഴങ്ങുന്നത്.
ഇംഗ്ലീഷ് ഫുട്‌ബോളിന്റെ എല്ലാ ഡിവിഷനിലെ കൂടെ 3 കളികൾ കളിച്ചിട്ട് ഗോൾ നേടാത്ത 2 ടീമുകൾ ആണ് ഉള്ളത്. ഒരു ടീം ആഴ്സണൽ, രണ്ടാമത്തെ ടീം മൂന്നാം ഡിവിഷനിൽ കളിക്കുന്ന ശ്രുസ്ബെറി ടൌൺ !!.
മാഞ്ചസ്റ്റർ സിറ്റിയെ പോലൊരു ടീമിനോട് തോൽക്കുന്നത് അത്ര വലിയ മോശം കാര്യം ഒന്നും അല്ലെങ്കിലും തോൽവി വഴങ്ങിയ വിധമാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ഒരു പക്ഷെ ആഴ്സണൽ ബോർഡിനെയും ഇത് ചൊടിപ്പിക്കും. കേവലം 18 ശതമാനം ബോൾ പോസഷൻ മാത്രമാണ് ആഴ്സണലിന് കളിയിൽ നിലനിർത്താൻ സാധിച്ചത്, സിറ്റി ഗോളിലേക്ക് ഒരു ഷോട്ട് പോലും പായിച്ചില്ല, ആകെ ഷോട്ട് 1 !. വഴങ്ങിയതോ 25 ഷോട്ട്, അതിൽ 10 ഷോട്ട് ഓണ് ടാർഗറ്റിൽ.
വിയേരയും, ബേർഗ്കാമ്പും, ആഡംസും, കിയോണും, ഹെൻറിയും അരങ്ങുവാണ കാലത്തെ പോരാട്ടവീര്യം ഒന്നും കടുത്ത ആഴ്സണൽ ആരാധകർ പോലും പ്രതീക്ഷിക്കുന്നില്ല എങ്കിലും ഇന്ന് കളിച്ച കളിയേക്കാൾ എത്രയോ മികച്ച കളി കളിക്കാൻ കെൽപ്പുള്ള കളിക്കാർ തന്നെയാണ് ഇപ്പോഴും ക്ലബ്ബിൽ ഉള്ളത്. കളിക്കാരിലേക്ക് വീറും വാശിയും നിറക്കാൻ മറന്ന ആർട്ടറ്റക്ക് ആഴ്സണൽ ബോർഡ് ഇനിയും ഒരു അവസരം നൽകുകയാണെങ്കിൽ ആരാധകരേക്കാൾ ഞെട്ടുക ആർട്ടറ്റ തന്നെയാകും.
കളിക്കാരെ വാങ്ങുന്നതിലും ,അപ്രസക്തരായ കളിക്കാർക്ക് പുതിയ കരാർ നൽകുന്നതിലും അടക്കം ആഴ്സണൽ ബോർഡിന്റെ പിഴവുകൾ ഏറെ ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിലും ശ്രമിച്ചു എന്ന് പറയാൻ പോലുമാകാതെ ആഴ്സണൽ ഗ്രൗണ്ടിൽ തളർന്ന് വീഴുമ്പോൾ വാൾ ആർട്ടറ്റക്ക് നേരെ തന്നെയാണ് അവസാനം എത്തുന്നത്.