പ്രീമിയർ ലീഗിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടത്തിൽ വോൾവ്സിന് തിരിച്ചടി. ഇന്ന് നടന്ന മത്സരത്തിൽ ആഴ്സണൽ ആണ് വോൾവ്സിനെ തകർത്തത്. ഡിഫൻസിന് പേരുകേട്ട നുനോ ഗോമസിന്റെ വോൾവ്സിനെ അവരുടെ നാട്ടിൽ പോയി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിക്കാൻ ആഴ്സണലിനായി. യുവതാരങ്ങളുടെ പ്രകടനം ആഴ്സണലിന്റെ ജയത്തിൽ വലിയ പങ്കുവഹിച്ചു.
മത്സരത്തിന്റെ 43ആം മിനുട്ടിൽ ടീനേജ് താരം ബുകയോ സാകയാണ് ആഴ്സണലിന് ലീഡ് നൽകിയത്. കഴിഞ്ഞ ദിവസം അഞ്ചു വർഷത്തെ കരാർ ഒപ്പുവെച്ച സാക ഗോളുമായി ആ കരാർ ആഘോഷിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ലകാസെറ്റെ ആണ് 3 പോയന്റ് ഉറപ്പിച്ച ആഴ്സണലിന്റെ രണ്ടാം ഗോൾ നേടിയത്.
ഈ വിജയത്തോടെ ആഴ്സണൽ 49 പോയന്റുമായി ലീഗിൽ ഏഴാം സ്ഥാനത്ത് എത്തി. എന്നാൽ ആറാമത് തന്നെയുള്ള വോൾവ്സിന് നാലാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം എത്താനുള്ള അവസരം നഷ്ടപ്പെട്ടു. ഇപ്പോൾ വോൾവ്സിന് 33 മത്സരങ്ങളിൽ നിന്ന് 52 പോയന്റാണ് ഉള്ളത്.