ആഴ്‌സണൽ കുതിപ്പിന് പാലസിൽ അവസാനം

- Advertisement -

പ്രീമിയർ ലീഗ് കുതിക്കുന്ന ആഴ്സണലിന്‌ ക്രിസ്റ്റൽ പാലസിന്റെ ഫുൾ സ്റ്റോപ്പ്. 2-2നാണ് ക്രിസ്റ്റൽ പാലസ് ആഴ്‌സണലിനെ സമനിലയിൽ കുരുക്കിയത്. ഇതോടെ ആഴ്‌സണലിന്റെ തുടർച്ചയായ 11 മത്സരങ്ങളുടെ വിജയകുതിപ്പിന് അവസാനമായി.

ലീഡ് മാറിമറിഞ്ഞ മത്സരത്തിൽ ആദ്യ പകുതിയിൽ നേടിയ ഗോളിൽ ക്രിസ്റ്റൽ പാലസ് ആണ് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ കുയാട്ടെയെ മുസ്താഫി ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് മിലിവോഹെവിച്ച് ക്രിസ്റ്റൽ പാലസിന് ആദ്യ ഗോൾ നേടി കൊടുത്തത്. സാഹയുടെ ശ്രമം പോസ്റ്റിൽ തട്ടി തെറിക്കുകയും ടൗസന്റ മികച്ച അവസരം നഷ്ടപ്പെടുത്തുകയും ചെയ്ത ആദ്യ പകുതിയിൽ അർഹിച്ച ലീഡ് തന്നെയായിരുന്നു ക്രിസ്റ്റൽ പാലസ് നേടിയത്.

എന്നാൽ രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ച് വന്ന ആഴ്‌സണൽ രണ്ടു ഗോളടിച്ച് മത്സരത്തിൽ ലീഡ് നേടി. മത്സരത്തിന്റെ 51മത്തെ മിനുട്ടിൽ അസാദ്ധ്യമായ ഒരു ആംഗിളിൽ നിന്ന് ജാക്കയാണ് ആഴ്സണലിന്‌ സമനില നേടി കൊടുത്തത്. തുടർന്ന് 4 മിനിറ്റ് കഴിയുന്നതിന് മുൻപ് തന്നെ ആഴ്‌സണൽ മത്സരത്തിൽ ലീഡ് നേടി. ഇത്തവണ ഒബാമയാങ് ആണ് ആഴ്സണലിന്റെ ഗോൾ നേടിയത്. ഗോളാവുന്നതിനു മുൻപ് ലാകസറ്റേയുടെ കയ്യിൽ പന്ത് തട്ടിയെങ്കിലും റഫറി ഹാൻഡ് ബോൾ അനുവദിക്കാത്തതും പാലസിന് തിരിച്ചടിയായി.

എന്നാൽ മത്സരം അവസാനിക്കാൻ മിനുട്ടുകൾ ശേഷിക്കെ പെനാൽറ്റിയുടെ രൂപത്തിൽ പാലസ് സമനില പിടിച്ചു.  സാഹയെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഗോളാക്കി മിലിവോഹെവിച്ച് മത്സരത്തിൽ തന്റെ രണ്ടാമത്തെ ഗോളും പാലസിന് സമനിലയും നേടി കൊടുത്തു.

 

Advertisement