ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം ജയം തേടി ആഴ്‌സണൽ ഇന്നിറങ്ങും. ലണ്ടൻ ഡാർബിയിൽ കഴിഞ്ഞ മത്സരം തോറ്റു വരുന്ന ഫുൾഹാം ആണ് ആഴ്‌സണലിന്റെ എതിരാളികൾ. സ്വന്തം മൈതാനത്ത് ഫുൾഹാമിനോട് ഇത് വരെ തോറ്റിട്ടില്ലാത്ത ആഴ്‌സണലിന്റെ അവർക്ക് എതിരായ സമീപകാല റെക്കോർഡും മികച്ചത് ആണ്. ഗോളിന് മുന്നിൽ റയ എത്തിയെങ്കിലും റാംസ്ഡേൽ തന്നെയാവും തുടരുക. സസ്പെൻഷനിൽ ആയ ടോമിയാസുവിനു പകരം പരിക്ക് ഭേദമായി എത്തുന്ന സിഞ്ചെങ്കോ ടീമിൽ എത്താൻ ആണ് സാധ്യത.
സിഞ്ചെങ്കോ ടീമിൽ എത്തിയാൽ പ്രതിരോധത്തിൽ ഗബ്രിയേലും മടങ്ങി വരും. അങ്ങനെ എങ്കിൽ ബെൻ വൈറ്റ് റൈറ്റ് ബാക്ക് ആയി തോമസ് പാർട്ടി പുറത്ത് ഇരിക്കും. ഇല്ലെങ്കിൽ പാർട്ടി തുടർന്ന് വൈറ്റിനെ ആർട്ടെറ്റ പുറത്ത് ഇരുത്തിയേക്കും. മധ്യനിരയിൽ റൈസ്, ഹാവർട്സ്, ഒഡഗാർഡ് എന്നിവർ തുടർന്നാൽ മുന്നേറ്റത്തിൽ മാർട്ടിനെല്ലി, സാക എന്നിവർക്ക് ഒപ്പം പരിക്ക് മാറി എത്തുന്ന ഗബ്രിയേൽ ജീസുസ് ടീമിൽ എത്തുമോ എന്നത് സംശയം ആണ്.
ജീസുസ് ബെഞ്ചിൽ ആയാൽ മുന്നേറ്റം എഡി നയിക്കാൻ തന്നെയാണ് സാധ്യത. മിട്രോവിചിനെ സൗദി ക്ലബ് അൽ ഹിലാലിന് നഷ്ടമായ ഫുൾഹാം മുന്നേറ്റം വോൾവ്സിൽ നിന്നു ടീമിൽ എത്തിയ റൗൾ ഹിമനസ് ആവും നയിക്കുക. മധ്യനിരയിൽ പാലീന്യോയുടെ മികവും മുന്നേറ്റത്തിൽ പെരെയ്രയുടെ സാന്നിധ്യവും ആഴ്‌സണലിന് വെല്ലുവിളി ഉയർത്താൻ പോന്നവർ ആണ്. മുൻ ആഴ്‌സണൽ ഗോൾ കീപ്പർ ലെനോയെ മറികടന്നു മികച്ച ജയം നേടാൻ തന്നെയാവും എമിറേറ്റ്‌സിൽ ആഴ്‌സണൽ ഇറങ്ങുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 7.30 നു ആണ് ഈ മത്സരം തുടങ്ങുക.