തുടർച്ചയായ അഞ്ചാം മത്സരത്തിലും ജയം തേടി ആർട്ടെറ്റയുടെ ആഴ്‌സണൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ട് ആഴ്‌സണൽ ഇന്നിറങ്ങും. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സ്റ്റീഫൻ ജെറാർഡിന്റെ ആസ്റ്റൺ വില്ലയാണ് ആഴ്‌സണലിന്റെ എതിരാളികൾ. മധ്യനിരയിൽ തോമസ് പാർട്ടി, മുഹമ്മദ് എൽനെനി എന്നിവരുടെ പരിക്ക് ആണ് ആർട്ടെറ്റയുടെ പ്രധാന തലവേദന. ഇവർക്ക് പകരം സാമ്പി ലൊക്കോങയെ മധ്യനിരയിൽ ഇറക്കാൻ ആവും സാധ്യത. അല്ലെങ്കിൽ പരിക്ക് മാറി എത്തുന്ന സിഞ്ചെങ്കോയെ ആർട്ടെറ്റ മധ്യനിരയിൽ കളിപ്പിച്ചേക്കും.
മുന്നേറ്റത്തിൽ ഗബ്രിയേൽ ജീസുസിന് പിന്നിൽ മാർട്ടിനെല്ലി, സാക ക്യാപ്റ്റൻ ഒഡഗാർഡ് എന്നിവർ തന്നെയാവും ഇറങ്ങുക. ചിലപ്പോൾ മത്സരഭാരം കുറക്കാൻ ഇവരിൽ ആർക്കെങ്കിലും വിശ്രമം നൽകിയാൽ എഡി എങ്കിതിയ, സ്മിത്-റോ എന്നിവരിൽ ആരെങ്കിലും ടീമിൽ എത്തും. വലത് ബാക്ക് ആയി ടോമിയാസുവിനെ ആർട്ടെറ്റ ഇറക്കാനും സാധ്യതയുണ്ട്. ഇടത് ബാക്ക് ആയി ടിയേർണി തുടരാൻ തന്നെയാണ് സാധ്യത. സിഞ്ചെങ്കോയെ മധ്യനിരയിൽ കളിപ്പിക്കില്ല എങ്കിലും താരം തന്റെ സ്ഥാനം തിരിച്ചെടുക്കാനും സാധ്യതയുണ്ട്.
മുൻ ആഴ്‌സണൽ താരങ്ങളായ എമി മാർട്ടിനസ്, കലം ചേമ്പേഴ്‌സ് എന്നിവർ അടങ്ങിയ വില്ല ടീം മോശം പ്രകടനങ്ങൾ കൊണ്ടു കടുത്ത സമ്മർദ്ദത്തിൽ ആണ്. ഉടൻ ടീം വിടും എന്നു കരുതുന്ന ഡഗ്ലസ് ലൂയിസ് കളിക്കുമോ എന്നതും അവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഘടകം ആണ്. ഇന്ന് തോറ്റാൽ അത് ജെറാർഡിലും വലിയ സമ്മർദ്ദം ആവും നൽകുക. പരിക്ക് വലക്കുന്നു എങ്കിലും വിജയം തുടരാൻ ആവും ആഴ്‌സണൽ ശ്രമം. പരിക്ക് മൂലം താരങ്ങളുടെ അഭാവം ഈ സീസണിൽ ടീമിൽ എത്തിയ പോർച്ചുഗീസ് താരം ഫാബിയോ വിയേരക്ക് പകരക്കാരനായി എങ്കിലും ചിലപ്പോൾ ആഴ്‌സണൽ അരങ്ങേറ്റം നൽകിയേക്കും. അർദ്ധരാത്രി ഇന്ത്യൻ സമയം 12 മണിക്ക് ആണ് ഈ മത്സരം നടക്കുക.