ആഴ്സണലിനെ വീഴ്ത്തി വാർഡി ഗോൾ!!

20201026 024608

ആഴ്സണലിനും ആരാധകർക്കും ഇത് നല്ല സമയമല്ല. ഇന്ന് പ്രീമിയർ ലീഗിൽ സ്വന്തം ഹോം ഗ്രൗണ്ടിൽ പരാജയപ്പെടേണ്ടി വന്നിരിക്കുകയാണ് ആഴ്സണലിന്. ലെസ്റ്റർ സിറ്റിയാണ് എതിരില്ലാത്ത ഒരു ഗോളിന് ഇന്ന് ആഴ്സണലിനെ വീഴ്ത്തിയത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായാണ് ലെസ്റ്റർ സിറ്റി ആഴ്സണലിനെ അവരുടെ ഹോം ഗ്രൗണ്ടിൽ ചെന്ന് പരാജയപ്പെടുത്തുന്നത്. സൂപ്പർ സബ്ബായി എത്തിയ വാർഡിയാണ് ആഴ്സണലിന്റെ കഥ കഴിച്ചത്.

ആദ്യ പകുതിയിൽ തുടർ ആക്രമണങ്ങൾ നടത്തിയ ആഴ്സണൽ ആദ്യ പകുതിയിൽ 11 ഷോട്ടുകളോളം തൊടുത്തിരുന്നു. ആദ്യ പകുതിയിൽ അവസരങ്ങൾ മുതലെടുക്കാത്തത് ആഴ്സണലിന് വിനയായി. രണ്ടാം പകുതിയിൽ ലെസ്റ്റർ സിറ്റി കളി മെച്ചപ്പെടുത്തി. വാർഡി കൂടെ എത്തിയതോടെ ആഴ്സണൽ പരുങ്ങലിലായി. ചെംഗിസ് ഉണ്ടറിന്റെ ക്രോസിൽ നിന്ന് അനായാസം വാർഡി ലക്ഷ്യം കണ്ടു. ആഴ്സണലിനെതിരെ വാർഡി നേടുന്ന 11ആം ലീഗ് ഗോളായിരുന്നു ഇത്.

വാർഡിയുടെ ഗോളിന് പകരമായി ഒന്നും നൽകാൻ ആഴ്സണലിനായില്ല. രണ്ടാം പകുതിയിൽ ആകെ ഒരു ഷോട്ടാണ് ആഴ്സണൽ തൊടുത്തത്. തുടർച്ചയായ അഞ്ചാം ലീഗ് മത്സരത്തിലും ആഴ്സണൽ ക്യാപ്റ്റൻ ഒബാമയങ്ങ് ഗോൾ നേടിയതുമില്ല. ഈ വിജയത്തോടെ ലെസ്റ്റർ സിറ്റി 12 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് എത്തി. ആഴ്സണൽ പത്താം സ്ഥാനത്താണ് ഉള്ളത്.

Previous articleഫ്രീകിക്ക് ഗോളിൽ വോൾവ്‌സിനെതിരെ സമനില പിടിച്ച് ന്യൂകാസിൽ
Next articleലീഗിൽ ഒരിക്കൽ കൂടെ വിജയമില്ലാതെ യുവന്റസ്