ആഴ്സണൽ ഉനായ് എമിറെക്കു കീഴിൽ വലിയ രീതിയിൽ തന്നെയാണ് മാറിയത്. വർഷങ്ങളായി ആഴ്സണൽ ആരാധകർ ആഗ്രഹിച്ച കാത്തിരുന്ന ഫുട്ബോളും പോരാട്ട വീര്യവുമൊക്കെ എമിറെ ആഴ്സണൽ ടീമിന് തിരികെ നൽകുകയാണ്. എന്നാൾ ആഴ്സണൽ ടീം പുരോഗമിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ അത് എത്ര മാത്രമാണെന്നും നിർണയിക്കപ്പെടുക അടുത്ത മത്സരം കൊണ്ടാണെന്ന് ഉനായ് എമിറെ പറഞ്ഞു. അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് ആഴ്സണൽ നേരിടുന്നത്.
2006ന് ശേഷം ഇതുവരെ ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗ്രൗണ്ടിൽ ജയിക്കാൻ ആഴ്സണലിനായിട്ടില്ല. അത് ആയാൽ ഉനായ് എമിറെക്ക് വലിയ നേട്ടമാകും. ഫോം വെച്ച് നോക്കുകയാണെങ്കിൽ ആഴ്സണൽ യുണൈറ്റഡിനേക്കാൾ ബഹുദൂരം മുന്നിലാണ്. 19 മത്സരങ്ങളിൽ അപരാജിതരായാണ് ആഴ്സണൽ ഓൾഡ്ട്രാഫോർഡിലേക്ക് പോകുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡാവട്ടെ അവസാന മൂന്നു പ്രീമിയർ ലീഗ് മത്സരങ്ങളിൽ വിജയമെന്തെന്ന് പോലും അറിഞ്ഞിട്ടില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ ടീമാണെന്നും, അവരുടെ താരങ്ങൾക്ക് ആരെയും തോൽപ്പിക്കനുള്ള കഴിവ് ഉണ്ടെന്നും ഉനായ് പറഞ്ഞു. ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോമിൽ കളിക്കുക എന്നതും വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.