പ്രീമിയർ ലീഗിലെ ഈ സീസണിലെ 13ആം മത്സരത്തിലും ന്യൂകാസിലിന് വിജയമില്ല. ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ച് ന്യൂകാസിൽ ആഴ്സണലിനു മുന്നിൽ ആണ് പരാജയപ്പെട്ടത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ആഴ്സണലിന്റെ വിജയം. കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനോട് ഏറ്റ വലിയ പരാജയത്തിൽ കരകയറൽ കൂടിയായി ആഴ്സണലിന്റെ ഈ വിജയം. മികച്ച രീതിയിൽ തുടങ്ങിയ ആഴ്സണലിന് ആദ്യ പകുതിയിൽ തന്നെ ലീഡ് എടുക്കാനുള്ള അവസരം ഉണ്ടായിരുന്നു. പക്ഷെ അവസരങ്ങൾക്ക് കുറുകെ ന്യൂകാസിൽ കീപ്പർ ഡുബ്രോകയുടെ മികച്ച പ്രകടനം ആദ്യ പകുതിയിൽ സ്കോർ 0-0 എന്ന് നിർത്തി.
ഒബായങ്ങിന്റെ ഒരു വലിയ മിസ്സും ആഴ്സണലിൽ നിന്ന് കാണാനിടയായി. മറുവശത്ത് ഷെൽവിയുടെ ഒരു ലോങ് ഷോട്ട് റാംസ്ഡെലിന്റെ വിരൽ തുമ്പിലും പോസ്റ്റിലും തട്ടിയാണ് പുറത്തായത്. രണ്ടാം പകുതിയിൽ 56ആം മിനുട്ടിൽ സാക ആഴ്സണലിന് ലീഡ് നൽകി. നുനോ ടവാരസിന്റെ പാസിൽ നിന്ന് സാകയുടെ ഗോൾ. 66ആം മിനുട്ടിൽ ബ്രസീലിയൻ യുവതാരം മാർടിനെല്ലിയിലൂടെ ആഴ്സണൽ ലീഡ് ഉയർത്തി. വലതു വിങ്ങിൽ നിന്ന് ടൊമിയാസു നൽകിയ ലോബ് പാസ് ഒരു വോളിയിലൂടെ മനോഹരമായി വലയിൽ എത്തിക്കുക ആയിരുന്നു.
ജയത്തോടെ 23 പോയിന്റുമായി ആഴ്സണൽ ലീഗിൽ അഞ്ചാമത് നിൽക്കുകയാണ്. 13 മത്സരങ്ങളിൽ ആകെ 6 പോയിന്റുമായി ലീഗിൽ അവസാന സ്ഥാനത്ത് നിൽക്കുകയാണ്.