പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടമാണ് നടക്കുന്നത്. ചാമ്പ്യൻസ് ലീഗ് യോഗ്യത എന്നൊരൊറ്റ ലക്ഷ്യവുമായി മുന്നേറുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സണലും ഇന്ന് ആഴ്സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സിൽ വെച്ച് ഏറ്റുമുട്ടും. പി എസ് ജിക്ക് എതിരെ ചാമ്പ്യൻസ് ലീഗിൽ അത്ഭുത വിജയം നേടിയ ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ആഴ്സണലിനോട് ഏറ്റുമുട്ടാൻ വരുന്നത്.
സോൾഷ്യാർ പരിശീലക ചുമതലയേറ്റെടുത്ത ശേഷം എല്ലാ എവേ മത്സരങ്ങളും വിജയിച്ചിട്ടുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആ മികവ് തുടരാമെന്നാണ് പ്രതീക്ഷിക്കുന്നത്. അവസാനം എഫ് എ കപ്പിൽ ആഴ്സണലിനെ പരാജയപ്പെടുത്തി എന്ന ആത്മവിശ്വാസവും മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. എഫ് എ കപ്പിൽ എമിറേസിൽ വെച്ച് തന്നെ ആയിരുന്നു യുണൈറ്റഡ് ആഴ്സണലിനെ വീഴ്ത്തിയത്. എന്നാൽ അന്ന് മിന്നിയ ലിംഗാർഡ് ഇന്ന് മാഞ്ചസ്റ്റർ ടീമിൽ ഇല്ല. ലിംഗാർഡ് മാത്രമല്ല പ്രമുഖരായ പലരും ഇപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിക്ക് ലിസ്റ്റിലാണ്.
യൂറോപ്പ ലീഗിൽ ഏറ്റ അപ്രതീക്ഷിത പരാജയത്തിൽ നിന്നാണ് ആഴ്സണൽ ഇന്ന് എമിറേറ്റ്സിൽ ഇറങ്ങുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിക്കുക എന്നത് മാത്രമാണ് ആഴ്സണലിന്റെ ഇന്നത്തെ ലക്ഷ്യം. ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്ക് വേണ്ടി ലീഗിലെ ആദ്യ നാലിൽ നിൽക്കാൻ അത് ആഴ്സണലിനെ സഹായിക്കും. മികച്ച ഹോം റെക്കോർഡിലാണ് ആഴ്സ്ണലിന്റെ പ്രതീക്ഷ. ഹോം ഗ്രൗണ്ടിൽ നടന്ന അവസാന നാലു മത്സരത്തിലും ആഴ്സണൽ വിജയിച്ചിരുന്നു.
ഇന്ന് രാത്രി 10മണിക്കാണ് മത്സരം നടക്കുക.