ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടത്തിൽ പുതിഉഅ ട്വിസ്റ്റ്. ലെസ്റ്റർ സിറ്റി ഒരിക്കൽ കൂടെ പോയന്റ് നഷ്ടപ്പെടുത്തിയതോടെ പ്രീമിയർ ലീഗിൽ ആര് ആദ്യ നാലിൽ ഫിനിഷ് ചെയ്യുമെന്നത് പ്രവചനാതീതമായി. ഇന്നലെ നടന്ന മത്സരത്തിൽ ആഴ്സണലും ലെസ്റ്റർ സിറ്റിയും 1-1 എന്ന സമനിലയിൽ ആണ് പിരിഞ്ഞത്. ആദ്യ പകുതിയിൽ ഗംഭീര പ്രകടനം നടത്തിയ ആഴ്സണൽ അവർക്ക് കിട്ടിയ അവസരങ്ങൾ മുതലെടുക്കാത്തതിന് രണ്ടാം പകുതിയിൽ വില കൊടുക്കേണ്ടി വരിക ആയിരുന്നു.
ആദ്യ പകുതിയിൽ ഒബാമയങ്ങിന്റെ ഗോളിൽ ആയിരുന്നു ആഴ്സണൽ ലീഡ് എടുത്തത്. സാകയുടെ പാസിൽ നിന്നായിരുന്നു ഒബയുടെ ഗോൾ. താരത്തിന്റെ ലീഗിലെ 20ആം ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ ലീഡിൽ ഇരിക്കെ യുവതാരം എങ്കേറ്റ ചുവപ്പ് കണ്ട് പുറത്തായതാണ് ആഴ്സണലിന് തിരിച്ചടി ആയത്. 75ആം മിനുട്ടിൽ ആയിരുന്നു ചുവപ്പ് കാർഡ്. 84ആം മിനുട്ടിൽ വാർഡി സമനില ഗോൾ നേടി. വാർഡിയുടെ ലീഗിലെ 22ആം ഗോളാണിത്.
ഈ സമനില ലെസ്റ്ററിനെ നാലാം സ്ഥാനത്തേക്ക് താഴ്ത്തി. ഇപ്പോൾ 34 മത്സരങ്ങളിൽ നിന്ന് 59 പോയന്റ് മാത്രമെ ലെസ്റ്ററിനുള്ളൂ. 33 മത്സരങ്ങളിൽ 55 പോയന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് ലെസ്റ്ററിന്റെ ഈ സമനില പ്രതീക്ഷ നൽകും. 50 പോയന്റുമായി ആഴ്സണൽ ഏഴാം സ്ഥാനത്താണ് ഉള്ളത്.