ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വേണ്ടിയുള്ള പോരാട്ടം ചൂടുപിടിക്കുമ്പോൾ ഇന്ന് ടോട്ടൻഹാം സ്വന്തം ഗ്രൗണ്ടിൽ ആഴ്‌സണലിനെ നേരിടും. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ തുടർച്ചയായി തോൽവിയേറ്റുവാങ്ങിയ ടോട്ടൻഹാമിന് ഇന്നത്തെ മത്സരം വളരെ നിർണ്ണായകമാണ്. അതെ സമയം കഴിഞ്ഞ ആറ് മത്സരങ്ങളിൽ അഞ്ചും ജയിച്ച് മികച്ച ഫോമിലാണ് ആഴ്‌സണൽ ടോട്ടൻഹാമിനെ നേരിടാനിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ബൗൺമൗത്തിനെ 5-1ന് തോൽപ്പിച്ചാണ് ആഴ്‌സണൽ ഇന്നിറങ്ങുന്നത്.
കഴിഞ്ഞ രണ്ടു മത്സരം മുൻപ് വരെ ടോട്ടൻഹാം കിരീട പോരാട്ടത്തിൽ ഉണ്ടായിരുന്നെങ്കിലും തുടർച്ചയായ രണ്ടു തോൽവികൾ അവരുടെ കിരീട പ്രതീക്ഷകൾ ഇല്ലാതാക്കിയിരുന്നു. ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിനെക്കാൾ 9 പോയിന്റ് പിറകിലാണ് ടോട്ടൻഹാം ഇപ്പോൾ. അതെ സമയം ഇന്ന് ആഴ്‌സണൽ ജയിച്ചാൽ ടോട്ടൻഹാമിന് ഒരു പോയിന്റ് പിന്നിൽ എത്താൻ അവർക്കവും. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരം ടോട്ടൻഹാമിന് നിർണ്ണായകമാണ്. ഇന്ന് ആഴ്‌സണൽ ജയിച്ചാൽ ടോട്ടൻഹാമിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വരെ കനത്ത തിരിച്ചടിയാണ്.
ടോട്ടൻഹാം നിരയിൽ ഹാരി വിങ്ക്‌സും വെർട്ടോങ്ഗ്നനും പരിക്കിന്റെ പിടിയിലാണെങ്കിലും അവസാന വട്ട പരിശോധനകൾക്ക് ശേഷം ഇന്ന് ഇറങ്ങുമോ എന്നത് വ്യക്തമാവു. ഡെല്ലേ അലിയും എറിക് ഡയറും നേരത്തെ തന്നെ പരിക്ക് മൂലം ടീമിൽ നിന്ന് പുറത്താണ്. ആഴ്‌സണൽ നിരയിൽ പ്രതിരോധ താരം കോഷെയിൽനിയും പരിക്കിന്റെ പിടിയിലാണ്.