ലൂട്ടണെതിരെ അടിതെറ്റാതെ ആഴ്‌സനൽ; ഇഞ്ചുറി ടൈം ഗോളിൽ ത്രില്ലർ മത്സരം സ്വന്തമാക്കി

Nihal Basheer

Updated on:

20231206 065305
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിലെ നവാഗതരായ ലൂട്ടണെതിരെ അവസാന നിമിഷം നേടിയ ഗോളിൽ വിജയം കരസ്ഥമാക്കി ആഴ്‌സനൽ. ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റിൽ ഡെക്ലാൻ റൈസ് നേടിയ ഗോളിന്റെ ബലത്തിൽ ഏഴു ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടം സ്വന്തമാക്കിയ ആഴ്‌സനൽ, ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. സ്വന്തം തട്ടകത്തിൽ ഒരു പക്ഷെ സീസണിലെ തന്നെ ഏറ്റവും വിലപ്പെട്ട ഒരു പോയിന്റിന് അരികിലെത്തിയ ലൂട്ടണ് അവസാനം നിരാശപ്പെടേണ്ടി വന്നെങ്കിലും ഈ പോരാട്ട വീര്യത്തിന് എന്നും അഭിമാനിക്കാം. മാർട്ടിനെല്ലി, ജീസസ്, ഹാവർട്സ് എന്നിവർ ഗണ്ണെഴ്സിന്റെ മറ്റു ഗോളുകൾ നേടി. ഓഷോ, അഡബയോ, ബാർക്ലി എന്നിവർ ലൂട്ടണ് വേണ്ടിയും വല കുലുക്കി.
20231206 065354
ഇരുപതാം മിനിറ്റിൽ മാർട്ടിനല്ലിയിലൂടെ ആഴ്‌സനൽ ലീഡ് എടുക്കുമ്പോൾ മറ്റൊരു സാധാരണ മത്സരത്തിന്റെ തുടക്കമെന്ന പ്രതീതി മാത്രമാണ് സൃഷ്ടിച്ചത്. ബോക്സിനുള്ളിൽ സാക പോസിറ്റിന് മുന്നിലേക്കായി നൽകിയ പന്ത് താരം വലയിലേക്ക് തിരിച്ചു വിട്ടു. എന്നാൽ 25ആം മിനിറ്റിൽ കോർണറിൽ നിന്നും ഹെഡർ ഉതിർത്ത് ഓഷോ സമനില ഗോൾ നേടിയപ്പോൾ ആഴ്‌സനലിന്റെ ലീഡിന് അധികം ആയുസ് ഉണ്ടായില്ല. പിന്നീട് ആഴ്‌സനലിന്റെ പല നീക്കങ്ങളും ഗോളിൽ കലാശിക്കാതെ മടങ്ങി. 45ആം മിനിറ്റിൽ ബെൻ വൈറ്റിന്റെ ക്രോസിൽ തല വെച്ച് ഗബ്രിയേൽ ജീസസ് വീണ്ടും ആഴ്‌സനലിനെ മുന്നിൽ എത്തിച്ചു.

എന്നാൽ രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റ് ആവുമ്പോൾ മറ്റൊരു കോർണറിൽ നിന്നും ലൂട്ടൻ ഗോൾ മടക്കി. അഡബയോ ആണ് ഇത്തവണ വല കുലുക്കിയത്. പിന്നീട് 57ആം മിനിറ്റിൽ മത്സരത്തിലെ ഏറ്റവും ആവേശോജ്വലമായ നിമിഷം പിറന്നു. ടൗൻസെന്റിന്റെ പാസ് സ്വീകരിച്ചു ബോക്സിൽ കടന്ന റോസ് ബാർക്ലി തൊടുത്ത ഷോട്ട് വലയിൽ പതിക്കുമ്പോൾ ലീഗിലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സനലിനെതിരെ ലൂട്ടൻ ലീഡ് നേടി. എന്നാൽ ആഹ്ലാദത്തിന് അധികം ആയുസ് നൽകാതെ 60ആം മിനിറ്റിൽ കായ് ഹവർട്സിലൂടെ ആർട്ടെറ്റയും സംഘവും തിരിച്ചടിച്ചു. ഗബ്രിയേൽ ജീസസ് നൽകിയ പാസ് മാർക് ചെയ്യപ്പെടാതെ നിന്ന താരം കീപ്പറേ മറികടന്ന് വലയിൽ എത്തിക്കുകയായിരുന്നു. പിന്നീട് വിജയ ഗോളിനായുള്ള ആഴ്‌സനലിന്റെ നീക്കങ്ങൾ പലതും പരാജയപ്പെട്ടു മടങ്ങി. എന്നാൽ സമനില എന്നു തോന്നിച്ച നിമിഷത്തിൽ നിന്നും മറ്റൊരു വൈകി പിറന്ന ഗോളിൽ ആഴ്‌സനൽ മത്സരം സ്വന്തമാക്കുകയായിരുന്നു. ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റിൽ മാർട്ടിൻ ഓഡഗാർഡ് ബോക്സിലേക്ക് നൽകിയ ക്രോസിൽ ഹെഡർ ഉതിർത്ത് ഡെക്ലാൻ റൈസ് ലൂട്ടൻ ആരാധകരുടെ ഹൃദയം പിളർത്തിയ ഗോൾ കണ്ടെത്തി. ഇതോടെ വിലപ്പെട്ട മൂന്ന് പോയിന്റും നേടി ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്താനും അവർക്കായി.