പ്രീമിയർ ലീഗ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി ആഴ്‌സണൽ. ഇന്ന് നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെയാണ് ആഴ്‌സണൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത് സീസണിൽ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. പുതിയ പരിശീലകൻ ഉനൈ എംറിക്ക് കീഴിൽ ആഴ്‌സണലിന്റെ ആദ്യ ജയം കൂടിയായിരുന്നു.
ആഴ്‌സണലിനെ ഞെട്ടിച്ചു കൊണ്ട് എമിറേറ്റ്സിൽ വെസ്റ്റ് ഹാം ആണ് ആദ്യം ഗോൾ നേടിയത്. ആഴ്‌സണൽ പ്രതിരോധ നിരയിലെ പിഴവ് മുതലെടുത്ത് കൊണ്ട് അർണടോവിച്ചാണ് വെസ്റ്റ് ഹാമിന്റെ ഗോൾ നേടിയത്. എന്നാൽ അധികം താമസിയാതെ മോൺറിയലിലൂടെ ആഴ്‌സണൽ സമനില പിടിച്ചു. വലതു വിങ്ങിൽ ബെല്ലറിൻ നടത്തിയ മികച്ചൊരു നീക്കത്തിനൊടുവിലാണ് ആഴ്‌സണൽ ഗോൾ നേടിയത്.
തുടർന്നാണ് സെൽഫ് ഗോളിൽ വെസ്റ്റ് ഹാം പിറകിലായത്. ലകാസറ്റെയുടെ പാസ് ഡിയോപ്പിന്റെ ശരീരത്തിൽ തട്ടി സ്വന്തം പോസ്റ്റിൽ തന്നെ പതിക്കുകയായിരുന്നു. ഇതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ആഴ്‌സണൽ ഇഞ്ചുറി ടൈമിൽ മൂന്നാമത്തെ ഗോളും നേടി വിജയം ഉറപ്പിച്ചു. വെസ്റ്റ് ഹാം താരങ്ങൾ എല്ലാം ആക്രമണത്തിന് ഇറങ്ങിയപ്പോൾ ബെല്ലറിൻ നൽകിയ പാസ് ഗോളാക്കാൻ വെൽബെക്കിന് അധികം പ്രയാസപ്പെടേണ്ടി വന്നില്ല.