ആഴ്സണലിന് പ്രീമിയർ ലീഗ് കിരീടം മറക്കാം. ഇന്ന് നിർണായക മത്സരത്തിൽ സ്വന്തം സ്റ്റേഡിയത്തിൽ വെച്ച് ആഴ്സണൽ ബ്രൈറ്റണ് മുന്നിൽ പരാജയപ്പെട്ടു. ഇതോടെ അവർക്ക് കിരീടത്തിൽ നിന്ന് ദൂരെ ആവുകയും മാഞ്ചസ്റ്റർ സിറ്റി കിരീടത്തിന് അടുത്ത് എത്തുകയും ചെയ്തു. ഇന്ന് മറുപടിയില്ലാത്ത 3 ഗോളിനായിരുന്നു ബ്രൈറ്റന്റെ വിജയം. ഈ ഫലത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് ഇനി ഒരു വിജയം മതി ലീഗ് കിരീടം ഉറപ്പിക്കാൻ. സിറ്റിക്ക് ഇനിയും മൂന്ന് മത്സരങ്ങൾ ലീഗിൽ ശേഷിക്കുന്നുണ്ട്.
ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ കരുതലോടെയാണ് ബ്രൈറ്റൺ തുടങ്ങിയത്. അവസാന മത്സരത്തിലെ പരാജയം മറക്കാൻ ഉറപ്പിച്ച ബ്രൈറ്റൺ പന്ത് കൈവശം വെച്ച് കളിക്കുകയും ആഴ്സണലിനെ സ്ഥിരം താളത്തിൽ നിന്ന് അകറ്റുകയും ചെയ്തു. ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല. രണ്ടാം പകുതിയിൽ 51ആം മിനുട്ടിൽ ആണ് ബ്രൈറ്റന്റെ ഗോൾ വന്നത്.
ഒരു ഹെഡറിലൂടെ യുവ പരാഗ്വയൻ താരം എൻസിസൊ ആണ് ഗോൾ നേടിയത്. സ്കോർ 1-0. ഈ ഗോളിന് മറുപടി പറയാൻ ആഴ്സണൽ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. 86ആം മിനുട്ടിൽ ഉണ്ടാവിന്റെ ഒരു ലോബ് ആഴ്സണലിന്റെ കഥ കഴിച്ചു. ഇതു കഴിഞ്ഞ് 96ആം മിനുട്ടിൽ എസ്റ്റുപ്നിയന്റെ വക മൂന്നാം ഗോളും കൂടെ വന്നതോടെ വിജയം പൂർത്തിയായി.
ഈ പരാജയത്തോടെ ആഴ്സണൽ 36 മത്സരങ്ങളിൽ നിന്ന് 81 പോയിന്റുമായി സിറ്റിക്ക് നാലു പോയിന്റ് പിറകിൽ നിൽക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റി 35 മത്സരങ്ങൾ മാത്രമെ കളിച്ചിട്ടുള്ളൂ. ആഴ്സണൽ ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാലും 87 പോയിന്റിൽ മാത്രമെ എത്തൂ. അടുത്ത ആഴ്ച ചെൽസിക്ക് എതിരെ വിജയിച്ചാൽ സിറ്റിക്ക് കിരീടം ഉറപ്പിക്കാം.
ഇന്നത്തെ വിജയം ബ്രൈറ്റണ് അവരുടെ യൂറോപ്യൻ സ്വപ്നങ്ങൾ സജീവമാക്കി കൊടുക്കും. ജയത്തോടെ 34 മത്സരങ്ങളിൽ നിന്ന് 58 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുകയാണ് ബ്രൈറ്റൺ.