ഗോൾ അടിച്ചു കൂട്ടുന്ന ബ്രന്റ്ഫോർഡിനെയും ടോണിയെയും തടയാൻ ആഴ്‌സണൽ ഇന്നിറങ്ങുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഏറ്റ പരാജയത്തിന് ശേഷം പ്രീമിയർ ലീഗിൽ ജയം നേടി ആഴ്‌സണൽ ഇന്ന് ലണ്ടൻ ഡാർബിയിൽ ബ്രന്റ്ഫോർഡിനെ നേരിടാൻ ഇറങ്ങുന്നു. കളിച്ച യൂറോപ്പ ലീഗ് മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്താൻ ആഴ്‌സണലിന് ആയിരുന്നു. കഴിഞ്ഞ സീസണിൽ ആദ്യ മത്സരത്തിൽ ബ്രന്റ്ഫോർഡിനോട് ഏറ്റ പരാജയത്തിന് പ്രതികാരം തേടിയാവും ആഴ്‌സണൽ ഇന്നിറങ്ങുക. ഗബ്രിയേൽ ജീസുസ്, ഗബ്രിയേൽ മാർട്ടിനെല്ലി, ബുകയോ സാക, മാർട്ടിൻ ഒഡഗാർഡ് എന്നിവർ തന്നെയാവും ആഴ്‌സണൽ മുന്നേറ്റത്തിന് കരുത്ത് ആവുക. മധ്യനിരയിൽ ശാക്കക്ക് ഒപ്പം സാമ്പി ലൊക്കോങ തന്നെയാവും ഇറങ്ങുക. തോമസ് പാർട്ടി പരിക്കിൽ നിന്നു നിലവിൽ പൂർണ മോചിതൻ ആയിട്ടില്ല.

ആഴ്‌സണൽ

പ്രതിരോധത്തിൽ സിഞ്ചെങ്കോ, ബെൻ വൈറ്റ് എന്നിവരുടെ പരിക്ക് പ്രശ്നം ആയതിനാൽ ഗബ്രിയേൽ, സാലിബ എന്നിവർക്ക് ഒപ്പം റാംസ്ഡേലിന് മുന്നിൽ ടോമിയാസു, കിരേൻ ടിയേർണി എന്നിവർ ആവും ഇറങ്ങുക. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ബ്രന്റ്ഫോർഡിനെ തടയുക തന്നെയാവും ആഴ്‌സണലിന്റെ പ്രധാന വെല്ലുവിളി. ഇതിനകം 5 ഗോളുകളും 2 അസിസ്റ്റുകളും നേടിയ ഇവാൻ ടോണി ഉഗ്രൻ ഫോമിലും ആണ്. ടോണിയെ തടയുക തന്നെയാവും ആഴ്‌സണലിന്റെ പ്രധാന വെല്ലുവിളി. മറുവശത്ത് ഉണ്ടാക്കുന്ന അവസരങ്ങൾ കൂടുതൽ മുതലാക്കാൻ ആയാൽ ആഴ്‌സണലിന് ജയിക്കാൻ ആവും. ജയിക്കാൻ ആയാൽ ആഴ്‌സണൽ ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കും.