പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിന് നിരാശ. തുടർച്ചയായ രണ്ടാം പ്രീമിയർ ലീഗ് മത്സരത്തിലും ആഴ്സണൽ പോയിന്റ് നഷ്ടപ്പെടുത്തി. കഴിഞ്ഞ മത്സരത്തിൽ എവർട്ടണോട് പരാജയപ്പെട്ട അർട്ടേറ്റയുടെ ടീം ഇന്ന് ബ്രെന്റ്ഫോർഡിനോട് സ്വന്തം ഗ്രൗണ്ടിൽ സമനില വഴങ്ങി. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്.
ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്സണലിന്റെ എതിരാളികൾ ദുർബലരായിരുന്നില്ല. പല വമ്പന്മാരെയും മുട്ടുകുത്തിച്ച ബ്രെന്റ്ഫോർഡ് ആഴ്സണലിന് ഒപ്പം തന്നെ ഇന്ന് തുടക്കം മുതൽ നിന്നു. ആദ്യ പകുതിയിൽ കൗണ്ടറുകളിലൂടെ പലപ്പോഴും ബ്രെന്റ്ഫോർഡ് ലീഡ് എടുക്കുന്നതിന് അടുത്ത് എത്തി. ആഴ്സണലിനാകട്ടെ അവരുടെ പതിവു ഫോമിലും വേഗതയിലും എത്താൻ ആയില്ല. രണ്ടാം പകുതിയിൽ ആണ് ആഴ്സണൽ ഗോൾ കണ്ടെത്തിയത്.
66ആം മിനുട്ടിൽ സബ്ബായി എത്തിയ ട്രൊസാർഡിലൂടെ ആഴ്സണൽ ലീഡ് എടുത്തു. വലതു വിങ്ങിൽ നിന്ന് സാക നൽകിയ പാസ് എളുപ്പത്തിൽ ബാക്ക് പോസ്റ്റിൽ നിന്ന് ട്രൊസാർഡ് വലയിൽ എത്തിക്കുക ആയിരുന്നു. 1-0. പക്ഷെ ബ്രെന്റ്ഫോർഡ് തളർന്നില്ല. അവർ പൊരുതി 74ആം മിനുട്ടിൽ ഐവൻ ടോണിയിലൂടെ ബ്രെന്റ്ഫോർഡ് ഒപ്പം എത്തി. ഒരു സെറ്റ് പീസിൽ നിന്നായിരുന്നു ഈ ഗോൾ വന്നത്.
പിന്നീട് ആവേശകരമായ അവസാന നിമിഷങ്ങൾ ആണ് എമിറേറ്റ്സിൽ കാണാൻ ആയത്. എന്നാൽ വിജയ ഗോൾ നേടാൻ രണ്ടു ടീമുകൾക്കും ആയില്ല. സമനില ആണെങ്കിലും ആഴ്സണൽ ഇപ്പോഴും 51 പോയിന്റുമായി ഒന്നാമത് തന്നെ നിൽക്കുന്നു. എങ്കിലും മാഞ്ചസ്റ്റർ സിറ്റി നാളെ ജയിച്ചാൽ ഒന്നാം സ്ഥാനത്തുള്ള ലീഡ് മൂന്ന് പോയിന്റായി കുറയും. ബ്രെന്റ്ഫോർഡ് 34 പോയിന്റുമായി എട്ടാമത് ആണുള്ളത്.