ഒബാമയങ്ങിന്റെ തകർപ്പൻ ഹാട്രിക്കിൽ ലീഡ്സിനെ തകർത്തത് ആഴ്‌സണൽ

Staff Reporter

ആഴ്‌സണൽ സ്‌ട്രൈക്കർ ഒബാമയങ്ങിന്റെ തകർപ്പൻ ഹാട്രിക്കിന്റെ പിൻബലത്തിൽ ലീഡ്സ് യൂണൈറ്റഡിനെതിരെ മികച്ച ജയം സ്വന്തമാക്കി ആഴ്‌സണൽ. 4-2നാണ് ബിയേൽസയുടെ ലീഡ്സ് യുണൈറ്റഡിനെ ആഴ്‌സണൽ തോൽപ്പിച്ചത്. തുടക്കത്തിൽ ആഴ്‌സണലിന്റെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് 3 ഗോളുകളാണ് ആഴ്‌സണൽ ലീഡ്സ് വലയിൽ അടിച്ചു കയറ്റിയത്. മത്സരത്തിന്റെ 13ആം മിനുറ്റിലാണ് ഒബാമയങ്ങിന്റെ ഗോളിലൂടെ ആഴ്‌സണൽ മുൻപിൽ എത്തിയത്. തുടർന്ന് 41ആം മിനുട്ടിൽ ഒബാമയങ്ങിന്റെ രണ്ടാമത്തെ ഗോളിൽ ആഴ്‌സണൽ ലീഡ് ഇരട്ടിയാക്കി.

തുടർന്ന് ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ ബെല്ലറിൻ മൂന്നാമത്തെ ഗോളും നേടി മത്സരത്തിൻറെ ആഴ്‌സണലിന്റെ ആധിപത്യം ഉറപ്പിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ പെനാൽറ്റിയിലൂടെ ആഴ്‌സണൽ നാലാമത്തെ ഗോളും ഒബാമയാങ് തന്റെ ഹാട്രിക്കും തികക്കുകയായിരുന്നു. തുടർന്ന് സ്ട്രുജികിലൂടെയും കോസ്റ്റയിലൂടെയും 2 ഗോളുകൾ നേടി മത്സരത്തിലേക്ക് തിരിച്ചുവരാൻ ലീഡ്സ് യുണൈറ്റഡ് ശ്രമം നടത്തിയെങ്കിലും കൂടുതൽ ഗോൾ വഴങ്ങാതെ ആഴ്‌സണൽ ജയം സ്വന്തമാക്കുകയായിരുന്നു.