ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന ഏറ്റവും വലിയ മത്സരത്തിൽ ആഴ്സണൽ ചെൽസിയെ നേരിടും. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ന് ലണ്ടണിലെ രണ്ടു ശക്തികൾ ഏറ്റുമുട്ടുന്നത്. വളരെ മോശം ഫോമിൽ ഉള്ള ആഴ്സണൽ ഒരു മത്സരം വിജയിച്ചിട്ട് കാലം ഏറെയായി. അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോടും ആഴ്സണൽ വലിയ പരാജയം നേരിട്ടിരുന്നു.
ഇപ്പോൾ ലീഗിൽ 14 മത്സരങ്ങളിൽ നിന്ന് 14 പോയിന്റ് മാത്രമാണ് ആഴ്സണലിന് ഉള്ളത്. 1974നു ശേഷമുള്ള ആഴ്സണലിന്റെ ഏറ്റവും മോശം റെക്കോർഡാണിത്. ലീഗിൽ ഇപ്പോൾ 15ആം സ്ഥാനത്താണ് ആഴ്സണൽ ഉള്ളത്. ഇനിയും പരാജയപ്പെട്ടാൽ അവർ റിലഗേഷൻ ഭയക്കേണ്ടി വരും. അർട്ടേറ്റയുടെ ജോലിയും പോകാൻ സാധ്യത ഉണ്ട്. ഇന്ന് അവരുടെ ക്യാപ്റ്റൻ ഒബാമയങ്ങ് പരിക്ക് കാരണം കളിക്കാനും സാധ്യതയില്ല.
ചെൽസി ലീഗിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്. അത്ര നല്ല ഫോമിൽ അല്ല ചെൽസിയും ഉള്ളത്. എങ്കിലും അവസാന മത്സരത്തിൽ വെസ്റ്റ് ഹാമിനെ തോൽപ്പിച്ചത് ചെൽസിയെ തിരികെ ഫോമിൽ എത്തിയിട്ടുണ്ട്. പരിക്ക് മാറാത്ത സിയെച് ഇന്ന് കളിക്കില്ല. ചിൽവെൽ, റീസ് ജെയിംസ് എന്നിവർ കളിക്കുന്നതും സംശയമാണ്. ഇന്ന് രാത്രി 11 മണിക്കാണ് മത്സരം നടക്കുന്നത്.