ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന്റെ വിജയകുതിപ്പ് തുടരുന്നു. ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ക്രിസ്റ്റൽ പാലസിനെ നേരിട്ട ആഴ്സണൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്. ആഴ്സണലിന് ഇന്ന് പാലസിൽ നിന്ന് ഒരു വെല്ലുവിളിയും നേരിടേണ്ടി വന്നില്ല. മത്സരം ആരംഭിച്ച് 28ആം മിനുട്ടിൽ ആഴ്സണൽ ലീഡ് എടുത്തു. സാകയിൽ നിന്ന് പന്ത് സ്വീകരിച്ച് ഒരു ടൈറ്റ് ആംഗിളിൽ നിന്ന് മാർട്ടിനെല്ലിയാണ് ക്രിസ്റ്റൽ പാലസ് ഗോൾ കീപ്പറെ പരാജയപ്പെടുത്തിയത്.
ആദ്യ പകുതി അവസാനിക്കും മുമ്പ് ബുകയോ സാകയിലൂടെ ആഴ്സണൽ ലീഡ് ഇരട്ടിയാക്കി. ബെൻ വൈറ്റിന്റെ ഇൻസൈഡ് പാസ് സ്വീകരിച്ച് കയറി സാക തന്റെ ഇടംകാലു കൊണ്ട് പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ആദ്യ പകുതി 2-0ന് പിരിഞ്ഞു. രണ്ടാം പകുതിയിൽ മധ്യനിര താരം ഷാക്ക് കൂടെ ലക്ഷ്യം കണ്ടതോടെ ആഴ്സണലിന്റെ വിജയം ഏതാണ്ട് ഉറച്ചു. 74ആം മിനുട്ടിൽ സാക തന്റെ രണ്ടാം ഗോൾ കൂടെ സ്കോർ ചെയ്തതോടെ അവർ വിജയം പൂർത്തിയാക്കി.
ക്രിസ്റ്റൽ പാലസ് ഒരു ഗോൾ മടക്കി എങ്കിലും അത് ആശ്വാസ ഗോളായി മാത്രം മാറി. ഈ വിജയത്തോടെ ആഴ്സണൽ 28 മത്സരങ്ങളിൽ നിന്ന് 69 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ് രണ്ടാമതുള്ള സിറ്റിയെക്കാൾ 8 പോയിന്റിന്റെ ലീഡ് ആഴ്സണലിന് ഉണ്ട്. മാഞ്ചസ്റ്റർ സിറ്റി പക്ഷേ ഒരു മത്സരം കുറവ് മാത്രമേ കളിച്ചിട്ടുള്ളൂ.