ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് കുതിക്കുകയായിരുന്നു ലിവർപൂളിനെ ആഴ്സണൽ തടഞ്ഞു. ഇന്ന് ലിവർപൂളിനെ എമിറേറ്റ്സിൽ വെച്ച് നേരിട്ട ആഴ്സണൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. ആവേശകരമായ മത്സരത്തിൽ ലിവർപൂൾ പരാജയപ്പെട്ടതിന് ഒപ്പം അവരുടെ ഡിഫൻഡർ കൊനാറ്റെ 87ആം മിനുട്ടിൽ ചുവപ്പ് കാർഡ് കിട്ടി പുറത്ത് പോവുകയും ചെയ്തു.
ഇന്ന് മികച്ച രീതിയിൽ കളി ആരംഭിച്ച ആഴ്സണൽ 14ആം മിനുട്ടിൽ ബുകായോ സാകയിലൂടെ ലീഡ് എടുത്തു. ഈ ഗോളിന് ശേഷമാണ് ലിവർപൂൾ ഒന്ന് ഉണർന്നത്. എങ്കിലും കാര്യമായ അവസരങ്ങൾ അവർക്ക് ലഭിച്ചില്ല. ആദ്യ പകുതിയുടെ അവസാനം ഒരു സെൽഫ് ഗോളിലൂടെ ലിവർപൂളിന് സമനില പിടിക്കാൻ ആയി. 1-1 എന്ന് ഹാഫ് ടൈമിൽ പിരിഞ്ഞു.
രണ്ടാം പകുതിയിൽ ലിവർപൂൾ അറ്റാക്കിലേക്ക് തിരിഞ്ഞു. 66ആം മിനുട്ടിൽ വാൻ ഡൈകും അലിസണും കൂടെ നൽകിയ ഒരു ഗിഫ്റ്റ് സ്വീകരിച്ചു മാർട്ടിനെല്ലി ആഴ്സണലിന് ലീഡ് നൽകി. സ്കോർ 2-1. ഇതിനു ശേഷം കൊനാറ്റെ ചുവപ്പ് കാർഡും കണ്ടതോടെ ലിവർപൂളിന്റെ പ്രതീക്ഷകൾ അവസാനിച്ചു. അവസാനം ട്രോസാർഡിന്റെ ഒരു സേവ് ചെയ്യാമായുരുന്ന ഷോട്ട് അലിസണ് തടയാൻ ആകാതെ വന്നതോടെ സ്കോർ 3-1 എന്നായി. ലിവർപൂളിന്റെ പരാജയവും ഉറപ്പായി.
ഇപ്പോഴും 51 പോയിന്റുമായി ലിവർപൂൾ ഒന്നാമത് നിൽക്കുകയാണ്. 49 പോയിന്റുമായി ആഴ്സണൽ തൊട്ടുപിറകിൽ നിൽക്കുന്നു.