പരിശീലകൻ മാറിയിട്ടും രക്ഷയില്ല, ആഴ്സണലിന് സമനില മാത്രം

- Advertisement -

എമറി മാറിയെങ്കിലും ആഴ്സണലിന്റെ തലവിധി മാറിയില്ല. നോർവിച്ചിനെ നേരിട്ട ആഴ്സണലിന് 2-2 ന്റെ സമനില നേടാൻ മാത്രമാണ് സാധിച്ചത്. ഫ്രഡി ലൂങ്ബെർഗിന് കീഴിൽ ആദ്യ ജയത്തിന് അവർക്ക് കാത്തിരിക്കണം. ഗോളി ലെനോ നടത്തിയ മികച്ച സേവുകളാണ് ആഴ്സണലിനെ തോൽവിയിൽ നിന്ന് രക്ഷിച്ചത്.

VAR ഉം ഗോളുകളും നിറഞ്ഞ സംഭവ ബഹുലമായ ആദ്യ പകുതി പക്ഷെ ആഴ്സണലിന് നല്ലതായിരുന്നില്ല. കളിയുടെ 20 ആം മിനുട്ടിൽ പുക്കിയിലൂടെ നോർവിച് ആണ് ലീഡ് എടുത്തത്. പക്ഷെ 26 ആം മിനുട്ടിൽ കളിയിലെ വിവാദ തീരുമാനം എത്തി. ബോക്‌സിൽ നോർവിച് കൈകൊണ്ട് പന്ത് തൊട്ടതോടെ റഫറി ആഴ്സണലിന് പെനാൽറ്റി നൽകി. ഒബാമയാങിന്റെ കിക്ക് ടിം ക്രുവൽ തടുത്തെങ്കിലും റഫറി പെനാൽറ്റി റീ ടേക് ആവശ്യപ്പെട്ടു. ഗോളി ഗോൾ ലൈനിന് മുന്നിലേക്ക് വന്നതാണ് വിനയായത്. രണ്ടാമത്തെ കിക്ക് ഒബാമയാങിന് പിഴച്ചില്ല. സ്കോർ 1-1. പക്ഷെ ആദ്യ പകുതിക്ക് പിരിയും മുൻപേ കാന്റ്വെല്ലിന്റെ ഗോളിൽ നോർവിച്‌ ലീഡ് പുനസ്ഥാപിച്ചു.

രണ്ടാം പകുതി ഏറെ പിന്നീടും മുൻപ് ആഴ്സണൽ സമനില ഗോൾ കണ്ടെത്തി. കോർണറിൽ നിന്ന് ലഭിച്ച അവസരം മുതലാക്കി ഒബാമയാങ് തന്നെയാണ് ഇത്തവണയും ആഴ്സണലിന്റെ ഗോൾ നേടി സ്കോർ 2-2 ആക്കിയത്. പിന്നീട് ഇരു ടീമുകളും ഏതാനും അവസരങ്ങൾ സൃഷ്ടിച്ചത് ഒഴിച്ചാൽ ഒരു ടീമുകൾക്കും വിലപ്പെട്ട വിജയ ഗോൾ നേടാനായില്ല.

Advertisement