നീ ഹോം ഗ്രൗണ്ട് തന്നെയോ ആൻഫീൽഡേ! സ്വന്തം തട്ടകത്തിൽ ലിവർപൂളിന് തുടർച്ചയായി ആറാം തോൽവി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ആൻഫീൽഡിനെ നോക്കി ലിവർപൂൾ തന്നെ ചോദിച്ചു പോവുകയാണ് ആൻഫീൽഡ് തങ്ങളുടെ ഹോം ഗ്രൗണ്ട് തന്നെയാണോ എന്ന്. ഒരിക്കൽ കൂടെ ലിവർപൂൾ സ്വന്തം ഗ്രൗണ്ടിൽ പരാജയപ്പെടുന്നതാണ് ഇന്നും കാണാൻ ആയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടേബിളിൽ അവസാന സ്ഥാനങ്ങളിൽ ഉള്ള ഫുൾഹാം ആണ് ഇന്ന് ലിവർപൂളിനെ അവരുടെ തട്ടകത്തിൽ വന്ന് ക്ലോപ്പിന്റെ ടീമിനെ തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഒരൊറ്റ ഗോളിനായിരുന്നു വിജയം.

ലിവർപൂളും ആൻഫീൽഡും തമ്മിലുള്ള പ്രശ്നങ്ങൾ തുടരുന്നതാണ് ഇന്ന് ആദ്യ പകുതിയിൽ കണ്ടത്. ക്ലോപ്പ് നിരവധി മാറ്റങ്ങളുമായി വന്നിട്ടും ലിവർപൂളിന്റെ പ്രകടനം മെച്ചപ്പെട്ടില്ല. ലിവർപൂൾ താളം കണ്ടെത്താൻ കഷ്ടപ്പെട്ടപ്പോൾ മറുവശത്ത് കൗണ്ടർ അറ്റാക്കുകളുമായി ഫുൾഹാം ലിവർപൂളിനെ വിറപ്പിച്ചു. ലുക്മാന്റെ ഒരു ശ്രമം ഡിഫ്ലക്ഷൻ കൊണ്ട് മാത്രം പുറത്തു പോകുന്നതുമാദ്യ പകുതിയിൽ കണ്ടു. മത്സരത്തിന്റെ 45ആം മിനുട്ടിൽ ആയിരുന്നു ഫുൾഹാമിന്റെ ഗോൾ.

മൊ സലാ പന്ത് ക്ലിയർ ചെയ്യുന്നതിന് പരാജയപ്പെട്ടപ്പോൾ ആ പന്ത് തട്ടിയെടുത്ത് ലെമിന മികച്ച സ്ട്രൈക്കിലൂടെ ലിവർപൂളിനെ പിറകിലാക്കുക ആയിരുന്നു. 2003ന് ശേഷം ഫുൾഹാം ആൻഫീൽഡിൽ നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. ഈ ഗോളിന് മറുപടി പറയാ മാത്രം അവസരങ്ങൾ സൃഷ്ടിക്കാൻ ലിവർപൂളിനായില്ല.

ജോടയുടെ ഒരു ഷോട്ട് സേവ് ചെയ്തതും മാനെയുടെ ഒരു ഹെഡർ ബാറി തട്ടി മടങ്ങിയതും മാത്രമായി ലിവർപൂൾ സൃഷ്ടിച്ച അവസരങ്ങൾ. ഈ പരാജയം ആൻഫീൽഡിലെ ലിവർപൂളിന്റെ തുടർച്ചയായ ആറാം പരാജയമാണ്. ലീഗിൽ 43 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുകയാണ് ലിവർപൂൾ. 2021ൽ ആൻഫീൽഡിൽ ഒരു മത്സരം പോലും ലിവർപൂൾ വിജയിച്ചില്ല. ഒരു ഗോൾ ഓപൺ പ്ലേയിൽ നിന്ന് നേടാൻ പോലും ലിവർപൂളിനായിട്ടില്ല.