സണ്ടർലാൻഡിൽ ലോണിൽ കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം അമാദ് ദിയാലോ അവിടെ അത്ഭുതങ്ങൾ കാണിക്കുകയാണ്. അമദിന്റെ ഇടം കാലിനെ തടയാൻ ആകാതെ ചാമ്പ്യൻഷിപ്പിലെ എതിരാളികൾ പാടുപെടുകയാണ്. അമദിന്റെ ഈ ലോൺ സ്‌പെൽ താരത്തെ യുണൈറ്റഡിന്റെ പുത്തൻ പ്രതീക്ഷയായും മാറ്റുകയാണ്. ഈ സീസണിൽ ഇതുവരെ ചാമ്പ്യൻഷിപ്പിൽ ഐവേറിയൻ താരം 12 ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഇതിൽ പല ഗോളുകളും കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.
അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ടീമിനൊപ്പം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് അമദ് ഇപ്പോൾ. രണ്ട് വർഷം മുമ്പ് അറ്റലാന്റയിൽ നിന്ന് ആയിരുന്നു താരം യുണൈറ്റഡ് ക്ലബ്ബിൽ ചേർന്നത്.വരാനിരിക്കുന്ന പ്രീ-സീസണിൽ മാനേജർ എറിക് ടെൻ ഹാഗിന്റെ വിശ്വാസം നേടാൻ അദ്ദേഹം ശ്രമിക്കും.
ഇംഗ്ലീഷ് ഫുട്‌ബോളിന്റെ ഫിസിക്കൽ ഗെയിമിന്റെ തീവ്രതയോടും വേഗത്തിൽ പൊരുത്തപ്പെടാൻ അമദിന് ആയത് ആണ് ഈ ലോൺ സ്പെല്ലിലെ ഏറ്റവും വലിയ പോസിറ്റീവ്. രണ്ടാം സ്‌ട്രൈക്കറായും വലതു വിങ്ങിലും അറ്റാക്കിംഗ് മിഡ്ഫീൽഡിലും എല്ലാം അമദ് സണ്ടർലാണ്ടിനായി കളിച്ചു. മിന്നൽ വേഗവും ഇടതു കാലിലെ സ്കില്ലുകളും ആണ് അമദിനെ വ്യത്യസ്തനാക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയാലും ടീമിൽ ഇടം പിടിക്കുക അമദിന് എളുപ്പമാകില്ല. ആന്റണി, ജാഡോൺ സാഞ്ചോ, പെലിസ്ട്രി എന്നിവരെല്ലാം സ്റ്റാർട്ടിംഗ് ലൈനപ്പിൽ അമദ് ആഗ്രഹിക്കുന്ന പൊസിഷനിൽ കളിക്കുന്നവരാണ്.