ഫുൾഹാമിനെതിരെ ഇഞ്ചുറി ടൈമിൽ ടോട്ടൻഹാം ജയിച്ചെങ്കിലും സൂപ്പർ താരം ഡെലെ അലിക്ക് പരിക്ക്. മത്സരത്തിൽ ഒരു വേള പിറകിലായിരുന്ന ടോട്ടൻഹാമിന് സമനില നേടി കൊടുത്തത് അലിയായിരുന്നു. എന്നാൽ മത്സരത്തിന്റെ 86ആം മിനുട്ടിൽ താരം പരിക്കേറ്റ് പുറത്തുപോവുകയായിരുന്നു. ഹാംസ്ട്രിങിനാണ് താരത്തിന് പരിക്കേറ്റതെന്ന് പരിശീലകൻ പോച്ചെറ്റിനോ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ഫുൾഹാമിനെതിരെ ടോട്ടൻഹാം ജയിച്ചത്.
ഇതോടെ നേരത്തെ ആംഗിളിനേറ്റ പരിക്കുമൂലം ഹാരി കെയ്‌നിനെ നഷ്ട്ടമായ ടോട്ടൻഹാമിന് അലിയുടെ പരിക്ക് തിരിച്ചടിയാണ്. ഇവരെ കൂടാതെ മൗസ സിസോക്കോയും പരിക്ക് മൂലം ടീമിന് പുറത്താണ്. ഏഷ്യൻ കപ്പ് മത്സരങ്ങളുടെ ഭാഗമായി സോണും ടോട്ടൻഹാമിനൊപ്പമില്ല. ഇവരെ കൂടാതെ മിഡ്ഫീൽഡർ മൗസ ഡെംബെലെ കഴിഞ്ഞ ദിവസം ചൈനീസ് ക്ലബ്ബിലേക്ക് ചേക്കേറിയിരുന്നു. വ്യാഴാഴ്ച ലീഗ് കപ്പിന്റെ രണ്ടാം പാദ മത്സരത്തിൽ ചെൽസിയെ നേരിടാനൊരുങ്ങുന്ന ടോട്ടൻഹാമിന് ഈ താരങ്ങളുടെ അഭാവം കടുത്ത തിരിച്ചടിയാണ്. ലീഗ് കപ്പിന്റെ ആദ്യ പാദത്തിൽ ഒരു ഗോളിന് ജയിച്ച ടോട്ടൻഹാമിനാണ് മത്സരത്തിൽ നേരിയ മുൻതൂക്കം.