ആദ്യത്തെ 2 മത്സരങ്ങളും തോറ്റ് പ്രതിസന്ധിയിലായ ആഴ്സണൽ പരിശീലകൻ ഉനൈ എമേറി ഇന്ന് ആദ്യ ജയം തേടി ഇറങ്ങും. ലണ്ടൻ ഡർബിയിൽ വെസ്റ്റ് ഹാമിനെയാണ് ഗണ്ണേഴ്സ് ഇന്ന് നേരിടുക. ആഴ്സണലിന്റെ മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30 നാണ് മത്സരം കിക്കോഫ്.
പ്രീമിയർ ലീഗിലെ തുടക്കം മാഞ്ചസ്റ്റർ സിറ്റി, ചെൽസി തുടങ്ങിയ വമ്പന്മാർക്കെതിരെ തോൽവി വഴങ്ങിയാണ് ആഴ്സണൽ വരുന്നതെങ്കിൽ ലിവർപൂൾ, ബൗർന്മൗത്ത് ടീമുകൾക്കെതിരെ തോറ്റാണ് വെസ്റ്റ് ഹാം എത്തുന്നത്. പല്ലേഗ്രിനിയുടെ വെസ്റ്റ് ഹാം ഭാവിയിൽ നിർണായകമായ മത്സരമാകും ഇത്.
ചെൽസികെതിരായ മത്സരത്തിൽ കളിച്ച ആഴ്സണൽ ടീമിൽ കാര്യമായ മാറ്റം വരാൻ ഇടയില്ല. ആദ്യ ഇലവനിൽ ചാകക്ക് പകരം റ്റോറേറ കളിച്ചേക്കും. വെസ്റ്റ് ഹാം നിരയിൽ ക്യാപ്റ്റൻ മാർക്ക് നോബിൾ പരിക്ക് കാരണം കളിച്ചേക്കില്ല.
വെസ്റ്റ് ഹാമിനെതിരെ കളിച്ച അവസാന 22 കളികളിൽ ഒരിക്കൽ മാത്രമാണ് ആഴ്സണൽ തോൽവി വഴങ്ങിയത്. അനാടോവിച് മികച്ച ഫോമിലാണ് എന്നത് പല്ലെഗ്രിനിക്ക് ആശ്വാസം ആവുമ്പോൾ സ്റ്റാർ സ്ട്രൈക്കർ ഒബ്ബമയാങ് ഫോമിലാകാത്തതാണ് ആഴ്സണലിന്റെ ആശങ്ക. മുൻ ആഴ്സണൽ മിഡ്ഫീൽഡർ ജാക്ക് വിൽഷെയറിന് എമിറേറ്റ്സിലേക്കുള്ള ആദ്യ മടക്കമാകും ഇന്നത്തെ മത്സരം.