19-20!! ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡ് യുദ്ധം മുറുകുന്നു

- Advertisement -

ഒരു കാലത്ത് ലിവർപൂളിന് 18 ഇംഗ്ലീഷ് കിരീടങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡിന് 7 ലീഗ് കിരീടങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. അന്ന് ലിവർപൂൾ ആയിരുന്നു ഇംഗ്ലീഷ് ഫുട്ബോളിൽ പകരം വെക്കാനില്ലാത്ത പോരാളികൾ. പിന്നീട് സർ അലക്സ് ഫെർഗൂസൺ എന്ന ഇതിഹാസം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി എത്തി. ലിവർപൂളിനെ ഇംഗ്ലീഷ് ഫുട്ബോളിന്റെ തലപ്പത്ത് നിന്ന് ഇറക്കും എന്നും അത് താൻ പ്രിന്റ് ചെയ്തു വെക്കും എന്നും ആ ഇതിഹാസം 1990കളുടെ തുടക്കത്തിൽ പറഞ്ഞു.

2013ൽ സർ അലക്സ് ഫെർഗൂസൺ വിരമിക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലീഗ് കിരീടങ്ങളുടെ എണ്ണം 20. അദ്ദേഹം പറഞ്ഞ വലിയ കാര്യം അദ്ദേഹം പൂർത്തിയാക്കൊയിരുന്നു. മറുവശത്ത് ലിവർപൂൾ ആ പഴയ 18ൽ തന്നെ നിന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് 19ആം ലീഗ് കിരീടം നേടിയപ്പോൾ ഇതിഹാസ താരം വെയ്ൻ റൂണി സ്വന്തം നെഞ്ചത്ത് രോമം കൊണ്ട് 19 എന്ന് എഴുതിയത് ലിവർപൂളിനെ എത്രയോ രോഷം കൊള്ളിച്ചിരുന്നു. പലപ്പോഴും 19ആം കിരീടത്തിന് അടുത്ത് എത്തിയിട്ടും ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം തൊടാനായില്ല. ഫോറെവർ 18 എന്ന പാട്ട് ലിവർപൂൾ ആരാധകരെ കളിയാക്കാൻ വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ എന്നും ഉപയോഗിച്ചിരുന്നു.

സർ അലക്സ് ഫെർഗൂസൺ പോയി ഏഴു വർഷങ്ങൾ കഴിഞ്ഞിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് 20ൽ തന്നെ നിൽക്കുന്നു. ലിവർപൂളിൽ ക്ലോപ്പ് വന്നു. അവരുടെ തലവര മാറി. കഴിഞ്ഞ സീസണിൽ ഒരു പോയന്റിന് ലീഗ് നഷ്ടം. ഈ സീസണിൽ അതും പരിഹരിച്ച് ലിവർപൂൾ 19ആം കിരീടം നേടി. നീണ്ട മൂന്ന് ദശകങ്ങളുടെ കാത്തിരിപ്പ്. ഇനി ലിവർപൂളിന്റെ ലക്ഷ്യം മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടക്കൽ ആകും. എന്നിട്ട് തങ്ങളാണ് ഇംഗ്ലണ്ടിന്റെ യഥാർത്ഥ രാജാക്കൾ എന്ന് പ്രഖ്യാപിക്കൽ ആകും. എന്നാൽ യുണൈറ്റഡും പതിയെ താളത്തിലേക്ക് വരികയാണ്. ടീം ശക്തിപ്പെടുത്തി വരുന്ന യുണൈറ്റഡ് ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് പ്രീമിയർ ലീഗ് കിരീട സാധ്യതകളിലേക്ക് തിരികെ വന്നേക്കാം. അങ്ങനെ ആണെങ്കിൽ ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും വലിയ വൈരികൾ തമ്മിലുള്ള പോരും അതിന്റെ ഏറ്റവും മികവിൽ എത്തുന്നത് കാണാൻ ആകും.

Advertisement