ഇംഗ്ലീഷ് പ്രീമിയർ ലീഗിലും VAR സംവിധാനം ഏർപ്പെടുത്താൻ തീരുമാനമായി. അടുത്ത സീസൺ മുതൽ പ്രീമിയർ ലീഗിൽ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം നിലവിൽ വരും. പ്രീമിയർ ലീഗ് ടീമുകൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം എടുത്തത്. യൂറോപ്പിലെ മറ്റു ലീഗുകളായ ല ലീഗ, ലീഗ് 1, സീരി എ, ബുണ്ടസ് ലീഗ എന്നിവയിൽ നേരത്തെ തന്നെ VAR നിലവിലുണ്ട്.
ഇംഗ്ലണ്ടിൽ നേരത്തെ പരീക്ഷണ അടിസ്ഥാനത്തിൽ ലീഗ് കപ്പ്, എഫ് എ കപ്പ് എന്നിവയിൽ തിരഞ്ഞെടുത്ത മത്സരങ്ങളിൽ VAR പരീക്ഷിച്ചിരുന്നു. ജൂണിൽ നടന്ന റഷ്യൻ ലോകകപ്പിൽ ഫിഫ VAR നടപ്പാക്കിയിരുന്നു. ലോകകപ്പിൽ ടെക്നോളജിയുടെ ഉപയോഗം വൻ വിജയവുമായിരുന്നു. കളിക്കിടയിൽ VAR സംവിധാനത്തിലേക്ക് റഫറിമാർ തീരുമാനങ്ങൾ റഫർ ചെയ്യുന്നത് കളിയുടെ രസം കൊല്ലും എന്ന ആക്ഷേപങ്ങൾ നില നിന്നെങ്കിലും നടപ്പാക്കിയ എല്ലായിടത്തും VAR വിജയമാണ്.