ചെന്നൈ സിറ്റിയുമായി ഉടക്കി, ഓസ്ട്രേലിയൻ ഗോൾകീപ്പർ ക്ലബ് വിട്ടു

- Advertisement -

ചെന്നൈ സിറ്റി ഈ സീസൺ തുടക്കത്തിൽ ടീമിൽ എത്തിച്ച ഓസ്ട്രേലിയൻ ഗോൾകീപ്പറായ ജെറാഡ് ടൈസൺ ക്ലബ് വിട്ടു. ചെന്നൈ സിറ്റിയുമായുള്ള പ്രശ്നങ്ങൾ കാരണമാണ് താരം ക്ലബ് വിട്ടത്. ക്ലബുമായുള്ള കരാർ അവസാനിപ്പിച്ചതായി താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിക്കുകയായിരുന്നു. ക്ലബിനോടൊപ്പം ഉള്ള സമയം ദുഷ്കരമായിരുന്നു എന്ന് പറഞ്ഞ ടൈസൺ ഈ കരാർ അവസാനിപ്പിക്കാൻ സഹായിച്ച ഫുട്ബോൾ പ്ലെയേർസ് അസോസിയേഷന് നന്ദിയും പറഞ്ഞു.

താൻ ഓസ്ട്രേലിയയിലേക്ക് പോവുകയാണെന്നും അവിടെ കരിയർ പുനരാരംഭിക്കും എന്നും അദ്ദേഹം പറഞ്ഞു. എന്താണ് ക്ലബിനും താരത്തിനും ഇടയിൽ സംഭവിച്ചത് എന്ന് താരമോ ക്ലബോ വ്യക്തമാക്കിയില്ല. ഐ ലീഗ് സീസൺ തുടങ്ങിയിട്ട് ഒരു മത്സരത്തിൽ വരെ ടൈസണെ ചെന്നൈ സിറ്റി കളിപ്പിച്ചിരുന്നില്ല. ലീഗിൽ ഒന്നാം സ്ഥാനത്ത് ചെന്നൈ സിറ്റി മിന്നി നിൽക്കുമ്പോഴാണ് ഇത്തരമൊരു വിവാദം വരുന്നത്. എന്നാൽ ചെന്നൈ സിറ്റി താരത്തെ വളരം മോശം രീതിയിലാണ് കൈകാര്യം ചെയ്തത് എന്ന് ബെംഗളൂരു എഫ് സിയുടെ ഓസ്ട്രേലിയൻ താരമായ എറിക് പാർതാലു പറഞ്ഞു.

മുമ്പ് ഓസ്ട്രേലിയക്കായി അണ്ടർ 20, അണ്ടർ 23 ടീമുകൾക്കായി കളിച്ചിട്ടുള്ള താരമാണ് ടൈസൺ. ഓസ്ട്രേലിയൻ ക്ലബുകളായ പെർത് ഗ്ലോറി, വെസ്റ്റേൺ സിഡ്നി വാണ്ടറേഴ്സ്, സൗത് മെൽബൺ തുടങ്ങി നിരവധി ക്ലബുകൾക്കും ഇദ്ദേഹം കളിച്ചിട്ടുണ്ട്.

Advertisement