പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും നാടകീയമായ തിരിച്ചു വരവിനു ആണ് ഇന്ന് ഗുഡിസൺ പാർക്ക് സാക്ഷിയായത്. കാർലോസ് ആഞ്ചലോടിക്ക് കീഴിൽ മികവ് തുടരാൻ എവർട്ടനും പിടിച്ചു കെട്ടാൻ സ്റ്റീവ് ബ്രൂസിന്റെ ന്യൂകാസ്റ്റിലും ഇറങ്ങിയപ്പോൾ മത്സരം കടുത്തു. കഴിഞ്ഞ മത്സരത്തിൽ ചെൽസിക്ക് എതിരെ നേടിയ ജയം നൽകിയ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ന്യൂകാസ്റ്റിൽക്ക് പക്ഷെ പ്രതീക്ഷിച്ച തുടക്കം അല്ല മത്സരത്തിൽ നിന്ന് ലഭിച്ചത്. മത്സരത്തിന്റെ 30 മിനിറ്റിൽ യുവന്റസിൽ നിന്ന് ടീമിലെത്തിയ മോയിസ് കീനിലൂടെ എവർട്ടൻ മത്സരത്തിൽ മുന്നിലെത്തി. രണ്ടാം പകുതിയിൽ 54 മിനിറ്റിൽ ആഞ്ചലോട്ടിക്ക് കീഴിൽ സ്വപ്നഫോമിലുള്ള കാൽവർട്ട് ല്യുയിൻ എവർട്ടന്റെ ലീഡ് ഉയർത്തി. തുടർന്ന് മത്സരം എവർട്ടൻ ഉറപ്പിച്ചു എന്നുകരുതിയ ഇടത്തിൽ നിന്നാണ് ന്യൂകാസ്റ്റിലിന്റെ രക്ഷകൻ ആയി ഫ്ലോറൻ ലെജേന അവതരിച്ചത്.
അധികസമയത്ത് 94 മിനിറ്റിൽ കോർണറിൽ നിന്ന് തുറന്ന് കിട്ടിയ അവസരം മുതലെടുത്ത് ഓവർ ഹെഡ് കിക്കിലൂടെ ആദ്യ ഗോൾ നേടിയ ഫ്ലോറൻ 95 മിനിറ്റിൽ മറ്റൊരു കോർണറിലൂടെ ലഭിച്ച അവസരത്തിൽ പിക്ക്ഫോർഡിന്റെ അബദ്ധം മുതലെടുത്ത് മത്സരം സമനിലയിൽ പിടിച്ചു. പ്രീമിയർ ലീഗിൽ ഇത് ആദ്യമായാണ് ന്യൂകാസ്റ്റിൽ അധികസമയത്ത് 2 ഗോളുകൾ നേടുന്നത്. സമനിലയിലൂടെ നിലവിൽ ഇരുടീമുകൾക്കും 30 വീതം പോയിന്റുകൾ ആണ് ഉള്ളത്. അതേസമയം എതിരില്ലാത്ത 2 ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെ തകർത്ത സൗത്താപ്റ്റൻ ലീഗിൽ 9 സ്ഥാനത്തേക്കു ഉയർന്നു. 22 മിനിറ്റിൽ റെഡ്മണ്ടും 48 മിനിറ്റിൽ ആംസ്ട്രോങും നേടിയ ഗംഭീര ലോങ് റേഞ്ച് ഗോളുകൾ ആണ് സൗത്താപ്റ്റനു ജയം സമ്മാനിച്ചത്.