പ്രീമിയർ ലീഗിൽ കോണിയും പാമ്പും കളി, നിർണായക ജയവുമായി ബോർമൗത്തും വില്ലയും

- Advertisement -

പ്രീമിയർ ലീഗിലെ തരം താഴ്‌ത്തൽ ഒഴിവാക്കാനുള്ള പോരാട്ടം കടക്കുന്നു. 7 ലധികം ടീമുകൾ തരം താഴ്‌ത്തൽ ഒഴിവാക്കാൻ മത്സരിക്കുമ്പോൾ പോയിന്റ് ടേബിളിൽ കോണിയും പാമ്പും കളികൾക്ക് ആണ് ഓരോ ആഴ്ചയും പ്രീമിയർ ലീഗ് സാക്ഷിയാകുന്നത്. കഴിഞ്ഞ കുറേ മത്സരങ്ങളിൽ തുടർച്ചയായി തോൽവി വഴങ്ങിയ ബോർമൗത്ത് ഇന്ന് ബ്രൈറ്റനെതിരെ നിർണായക ജയം കണ്ടു. ഒന്നിനെതിരെ 3 ഗോളുകൾക്ക് ബ്രൈറ്റനെതിരെ ജയം കണ്ടത് സമ്മർദത്തിലുള്ള പരിശീലകൻ എഡി ഹൗവിനും വലിയ ആശ്വാസമായി. 36 മിനിറ്റിൽ ഹാരി വിൽസനിലൂടെ മുന്നിലെത്തിയ ബോർമൗത്ത് 41 മിനിറ്റിൽ ഗ്രോസിന്റെ സെൽഫ് ഗോളിൽ ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ 74 മിനിറ്റിൽ സെപ്റ്റംബറിനു ശേഷം തന്റെ ആദ്യ ഗോൾ കണ്ടത്തിയ കലോം വിൽസൺ അവർക്ക് ജയം ഉറപ്പിച്ച മൂന്നാം ഗോൾ സമ്മാനിച്ചു.

81 മത്തെ മിനിറ്റിൽ ആരോൺ മോയിലൂടെ ഒരു ഗോൾ ബ്രൈറ്റൻ മടക്കിയെങ്കിലും അനിവാര്യമായ പരാജയം ഒഴിവാക്കാൻ ആയില്ല. ജയത്തോടെ 19 ൽ നിന്ന് 18 സ്ഥാനത്തേക്ക് കയറാൻ 23 പോയിന്റ് ഉള്ള ബോർമൗത്തിനു ആയി. അതേസമയം 25 പോയിന്റ് ഉള്ള ബ്രൈറ്റൻ നിലവിൽ 15 സ്ഥാനത്ത് ആണ്. അതേസമയം അതിനാടകീയമായ ജയം ആണ് വാട്ട്ഫോർഡിനു എതിരെ ആസ്റ്റൻ വില്ല സ്വന്തമാക്കിയത്. സമീപകാലത്ത് മികച്ച ഫോമിലുള്ള വാട്ട്ഫോർഡ് ആണ് മത്സരത്തിൽ ആദ്യം മുന്നിൽ എത്തിയത്. ആദ്യ പകുതിയിൽ 38 മിനിറ്റിൽ ഹെഡറിലൂടെ ഗോൾ കണ്ടത്തിയ ക്യാപ്റ്റൻ ട്രോയി ഡീനി അവർക്ക് നിർണായക ലീഡ് സമ്മാനിച്ചു. എന്നാൽ സ്വന്തം കാണികൾക്ക് മുന്നിൽ വില്ല പാർക്കിൽ ഉണർന്നു കളിക്കുന്ന ആസ്റ്റൻ വില്ലയെ ആണ് മത്സരത്തിന്റെ രണ്ടാം പകുതിയിൽ കണ്ടത്.

ഇതിനിടയിൽ പ്രതിരോധനിര താരം മിൻസ് രണ്ടാം മഞ്ഞ കാർഡിൽ നിന്നും രക്ഷപ്പെട്ടതും വില്ലക്ക് തുണയായി. വില്ലയുടെ തുടർച്ചയായ ശ്രമങ്ങൾക്ക് ഫലമായി 68 മിനിറ്റിൽ ബ്രസീലിയൻ താരം ഡഗ്ളസ് ലൂയിസ് ആണ് അവരെ മത്സരത്തിൽ ഒപ്പമെത്തിച്ചത്. തുടർന്നു ജയത്തിനായി സർവ്വം മറന്ന് കളിക്കുന്ന വില്ലയെ ആണ് മത്സരത്തിൽ കണ്ടത്. അതിന്റെ ഫലമായി മത്സരത്തിലെ അവസാനനിമിഷം മിൻസിലൂടെ അവർ വിജയഗോളും സ്വന്തമാക്കി. 95 മിനിറ്റിൽ എസ്രിയുടെ ഷോട്ട് മിൻസിന്റെ കാലിൽ തട്ടി നെറ്റിൽ പതിക്കുക ആയിരുന്നു. ഈ ജയത്തോടെ 25 പോയിന്റുമായി വില്ല 16 സ്ഥാനത്തേക്കു ഉയർന്നു. അതേസമയം പുതിയ പിയേഴ്‌സണ് കീഴിൽ കുറെ മത്സരങ്ങൾക്ക് ശേഷമുള്ള ആദ്യ തോൽവി വാട്ട്ഫോഡിനെ 19 സ്ഥാനത്തേക്ക് തള്ളി. നിലവിൽ 23 പോയിന്റുകൾ ആണ് വാട്ട്ഫോഡിനു ഉള്ളത്.

Advertisement