ഫ്രാങ്ക് ലമ്പാർഡ് എവർട്ടൺ പരിശീലകൻ

എവർട്ടൺ തങ്ങളുടെ പരിശീലകനായി മുൻ ചെൽസി പരിശീലകൻ ഫ്രാങ്ക് ലമ്പാർഡിനെ നിയമിച്ചു. രണ്ടര വർഷത്തെ കരാറിലാണ് ഫ്രാങ്ക് ലമ്പാർഡ് എവർട്ടൺ പരിശീലകനാവുന്നത്. അവസാന 13 മത്സരങ്ങളിൽ നിന്ന് ഒരു മത്സരത്തിൽ മാത്രം ജയിച്ചതോടെയാണ് നേരത്തെ പരിശീലകനായിരുന്ന റാഫ ബെനിറ്റസിനെ എവർട്ടൺ പുറത്താക്കിയത്. പോർച്ചുഗീസ് പരിശീലകൻ വിറ്റോർ പെരേര, താത്കാലിക പരിശീലകൻ ഡങ്കൻ ഫെർഗൂസൻ എന്നിവരെ മറികടന്നാണ് ഫ്രാങ്ക് ലമ്പാർഡ് എവർട്ടൺ പരിശീലകനാവുന്നത്.

നേരത്തെ ചെൽസി പരിശീലകനായിരുന്ന ഫ്രാങ്ക് ലമ്പാർഡിനെ മോശം ഫോമിനെ തുടർന്ന് ഒരു വർഷം മുൻപ് ക്ലബ് പുറത്താക്കിയിരുന്നു. ശനിയാഴ്ച എഫ്.എ കപ്പിൽ ബ്രെന്റ്ഫോർഡിനെതിരെയാവും എവർട്ടൺ പരിശീലകനായുള്ള ഫ്രാങ്ക് ലമ്പാർഡിന്റെ ആദ്യ മത്സരം. തുടർന്ന് പ്രീമിയർ ലീഗിൽ ന്യൂ കാസിൽ യൂണൈറ്റഡിനെതിരെയും എവർട്ടണ് മത്സരമുണ്ട്.