പ്രീമിയർ ലീഗിൽ 50 ഗോളുകൾ നേടുന്ന ആദ്യ ഏഷ്യൻ താരമായി സോൺ ഹ്യുങ് മിൻ

- Advertisement -

പ്രീമിയർ ലീഗിൽ 50 ഗോളുകൾ നേടുന്ന ആദ്യ ഏഷ്യൻ താരമായി ടോട്ടനത്തിന്റെ ദക്ഷിണ കൊറിയൻ താരം സോൺ ഹ്യുങ് മിൻ. ദക്ഷിണ കൊറിയൻ ദേശീയ ടീമിന്റെ നായകൻ കൂടിയായ സോൺ ഇന്ന് ആസ്റ്റൻ വില്ലക്ക് എതിരെയാണ് തന്റെ 50 മത്തെ ഗോൾ കണ്ടത്തിയത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ലഭിച്ച പെനാൽട്ടി വില്ല ഗോൾ കീപ്പർ പെപ്പെ റെയ്‌ന തടഞ്ഞു എങ്കിലും തിരിച്ചു വന്ന പന്ത് ലക്ഷ്യത്തിലേക്ക് എത്തിച്ച ദക്ഷിണ കൊറിയൻ താരം തന്റെ പ്രീമിയർ ലീഗിലെ 50 മത്തെ ഗോൾ ആഘോഷിച്ചു. പ്രീമിയർ ലീഗ് കളിച്ച ഏറ്റവും മികച്ച ഏഷ്യൻ താരമായി കണക്കാക്കുന്ന 27 കാരനായ സോണിനെ പലരും ഏഷ്യൻ ഫുട്‌ബോൾ കണ്ട ഏറ്റവും മഹാനായ താരം ആയാണ് കണക്കാക്കുന്നത്.

ജർമ്മൻ ബുണ്ടസ് ലീഗയിൽ നിന്നാണ് സോൺ ഇംഗ്ലീഷ് ഫുട്‌ബോലിലേക്ക് എത്തുന്നത്. ബയേർ ലെവർകൂസനിൽ നിന്ന് 2015/16 സീസണിൽ ടോട്ടനത്തിൽ എത്തിയ താരം അധികം വൈകാതെ തന്നെ ഹാരി കെയിന് ഒപ്പം ടോട്ടനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം ആയി മാറി. കഴിഞ്ഞ സീസണിൽ അടക്കം ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ അടക്കം സോണിന്റെ പ്രകടനങ്ങൾ ഇതിനു ഉദാഹരണങ്ങൾ ആണ്. ഇത് 151 മത്സരങ്ങളിൽ നിന്നാണ് സോൺ പ്രീമിയർ ലീഗിൽ തന്റെ 50 മത്തെ ഗോൾ കണ്ടത്തിയത്. ഏറ്റവും വേഗത്തിൽ 50 പ്രീമിയർ ലീഗ് ഗോളുകൾ കണ്ടത്തുന്ന അഞ്ചാമത്തെ ടോട്ടനം താരവുമായി സോൺ ഇതോടെ മാറി. നിലവിൽ പ്രീമിയർ ലീഗിൽ ടോട്ടനത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അഞ്ചാമത്തെ താരം കൂടിയാണ് ഈ ദക്ഷിണ കൊറിയൻ താരം. സീസണിൽ ലീഗിലെ എട്ടാമത്തെ ഗോൾ കൂടിയായിരുന്നു സോണിന് ആസ്റ്റൻ വില്ലക്ക് എതിരായ ഗോൾ.

Advertisement