പോൾ പോഗ്ബയുടെ പരിക്ക് മാറാൻ ഇനിയും സമയം എടുക്കും. ഇത്തവണത്തെ ലോകകപ്പ് അടക്കം നഷ്ടമായ പോഗ്ബ ലോകകപ്പ് കഴിഞ്ഞ ഉടൻ യുവന്റസിനൊപ്പം കളി ആരംഭിക്കും എന്നായിരുന്നു കരിതിയത്. എന്നാൽ 29കാരന് ഫിറ്റ്നസ് വീണ്ടെടുക്കാൻ ഇനിയും ഒരു മാസം കൂടെ വേണ്ടി വരും എന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു.
ഫ്രഞ്ച് താരം പരിക്ക് മാറാനായി ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പരിക്ക് മാറാൻ ശസ്ത്രക്രിയ ഇല്ലാത്ത വഴി പോഗ്ബ ശ്രമിച്ചു നോക്കി എങ്കിലും അത് ഫലം കണ്ടില്ല. തുടർന്നാണ് ക്ലബും താരവും കൂടി ശസ്ത്രക്രിയക്ക് വിധേയനാകാൻ തീരുമാനിച്ചത്.
മുട്ടിൽ മെനിസ്കസിലാണ് പോഗ്ബക്ക് പരിക്ക്. യുവന്റസിന്റെ പ്രീസീസൺ പരിശീലനത്തിന് ഇടയിൽ ആയിരുന്നു പോഗ്ബക്ക് പരിക്കേറ്റത്. ഈ സമ്മർ ട്രാൻസ്ഫറിൽ ആയിരുന്നു പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഫ്രീ ട്രാൻസ്ഫറിൽ യുവന്റസിലേക്ക് മടങ്ങി എത്തിയത്. കഴിഞ്ഞ സീസണിലും പോഗ്ബയെ പരിക്ക് അലട്ടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി കഴിഞ്ഞ സീസണിൽ വളരെ കുറച്ചു മത്സരങ്ങൾ മാത്രമേ പോഗ്ബ കളിച്ചിരുന്നുള്ളൂ. തിരിച്ചെത്തിയ ശേഷം ഒരു മത്സരം വരെ പോഗ്ബക്ക് യുവന്റസിൽ കളിക്കാൻ ആയിട്ടില്ല.