ഇറ്റാലിയൻ ഇതിഹാസ താരം ആന്ദ്രേ പിർലോ ഇറ്റാലിയൻ ദേശീയ ടീമിലേക്ക് തിരിച്ചെത്തില്ല. ഇറ്റലിയുടെ കോച്ചായി ചുമതലയേറ്റ മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ റോബേർട്ടോ മാൻചിനിയുടെ കോച്ചിങ് സ്റ്റാഫായി പിർലോ ഇറ്റലിയിൽ തിരിച്ചെത്തും എന്നായിരുന്നു ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ലോകകപ്പ് യോഗ്യത ലഭിക്കാതെ നിറം മങ്ങിയിരിക്കുന്ന ഇറ്റലിയെ പ്രതാപത്തിലേക്ക് തിരിച്ചുവരാനായാണ് മാൻചിനിക്ക് ഇറ്റലിയുടെ കടിഞ്ഞാൺ നൽകിയത്. മിഡ്ഫീൽഡിന്റെ രാജാവായി അറിയപ്പെടുന്ന പിർലോ മറ്റു കരാറുകൾ ഉള്ളതിനാലാണ് കോച്ചിങ് കരിയർ ആരംഭിക്കാത്തത്. സ്‌കൈ ഇറ്റാലിയയുമായും മറ്റു കമ്പനിയുമായുള്ള കരാറാണ് പിർലോയുടെ ഇറ്റാലിയൻ ടീമിലേക്കുള്ള മടങ്ങി വരവിനു തടസ്സമായത്.
38കാരനായ പിർളോ ഇറ്റാലിയൻ ഫുട്ബോളിന്റെ അവിഭാജ്യ ഘടകമായിരുന്നു. ഇറ്റലിയിലെ മികച്ച ക്ലബുകളായ ഇന്ററിനും എസി മിലാനും യുവന്റസിനും ബൂട്ടുകെട്ടിയിട്ടുള്ള പിർളോ 6 തവണ ഇറ്റാലിയൻ ലീഗ് കിരീടം നേടിയിട്ടുണ്ട്. അതിൽ നാലു തവണയും യുവന്റസിന്റെ കൂടെ ആയിരുന്നു പിർളോയുടെ ലീഗ് നേട്ടം.മിലാന്റെ ജേഴ്സിയിൽ 2003ലും 2007ലും ചാമ്പ്യൻസ്ലീഗും പിർളോ നേടിയിട്ടുണ്ട്. 2006 ലോകകപ്പ് ഫൈനലിലെ മാൻ ഓഫ് ദി മാച്ചും ആ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ അവസരം ഒരുക്കിയതും പിർളോ ആയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial