തോൽവിയോടെ പയ്യനാടിനോട് വിടപറഞ്ഞ് ഗോകുലം കേരള

Picsart 23 01 15 18 48 49 165

സീസണിൽ പയ്യനാട് സ്റ്റേഡിയത്തിലെ അവസാന മത്സരത്തിൽ നിരാശജനകമായ ഫലവുമായി ഗോകുലം കേരള മഞ്ചേരിയോട് വിട പറഞ്ഞു. ഇന്ന് നടന്ന മത്സത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ട്രാവു എഫ്സിയോടാണ് ഗോകുലം അടിയറവ് പറഞ്ഞത്. ഇത്തവണ പയ്യനാട് സ്റ്റേഡിയത്തിൽ ഗോകുളത്തിന്റെ ഒരേയൊരു തോൽവി ആണിത്. മനഷ് ഗോഗോയി, ജോൺസൻ സിങ് എന്നിവർ ട്രാവുവിനായി വല കുലുക്കിയപ്പോൾ താഹിർ സമാൻ ആണ് ഗോകുലത്തിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്. വിജയത്തോടെ ട്രാവു മൂന്നാം സ്ഥാനത്തേക്ക് കയറി. ഗോകുലം അഞ്ചാം സ്ഥാനത്താണ്.
Picsart 23 01 15 18 49 38 508

നിരവധി ഷോട്ടുകൾ തൊടുക്കാൻ കഴിഞ്ഞെങ്കിലും പതിവ് പോലെ ഫിനിഷിങ്ങിലെ പോരായ്മകൾ ആണ് ഗോകുലത്തിന് തിരിച്ചടി ആയത്. കീപ്പർ മാത്രം മുന്നിൽ നിൽക്കെ നൗഫലിന്റെ ഷോട്ട് സൈഡ് നെറ്റിൽ പതിച്ചത് അവിശ്വസനീയം ആയി. ആദ്യ പകുതിയിൽ നിരവധി തവണയാണ് ഗോകുലം എതിർ ബോക്സിന് അടുത്തെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ ട്രാവു കൂടുതൽ ശക്തമായ നീക്കങ്ങൾ മെനഞ്ഞെടുത്തു. അൻപതിയേഴാം മിനിറ്റിൽ ആദ്യ ഗോൾ എത്തി. കോർണറിലൂടെ എത്തിയ ബോളിൽ ഗോഗോയ് ആണ് ലക്ഷ്യം കണ്ടത്. പോസ്റ്റിന് മുന്നിൽ തുടർച്ചയായ അപകടം തീർത്ത ജോൺസൻ സിങിലൂടെ ട്രാവു ലീഡ് ഇരട്ടിയാക്കി. എഴുപതിയെട്ടാം മിനിറ്റിലാണ് രണ്ടാം ഗോൾ എത്തിയത്. പിന്നീട് പന്ത് കൂടുതൽ കൈവശം വെക്കാൻ ആയിരുന്നു ട്രാവുവിന്റെ ശ്രമം. എന്നാൽ സമ്മർദ്ദം ശക്തമാക്കിയ ഗോകുലം ഒരു ഗോൾ തിരിച്ചടിച്ചു. ട്രാവു പ്രതിരോധത്തിന്റെ ബാക്ക് പാസിൽ കൃത്യമായി ഇടപെട്ട് ഷിജിൻ നൽകിയ അവസരം താഹിർ വലയിൽ എത്തിക്കുകയായിരുന്നു. പരസ്പരമുള്ള മുഖാമുഖങ്ങളിൽ ഗോകുലവുമായി ട്രാവുവിന്റെ ആദ്യ വിജയം ആണിത്. സീസണിൽ ശേഷിക്കുന്ന ഹോം മത്സരങ്ങൾ ഗോകുലം കോഴിക്കോട് ആവും കളിക്കുക.