ഒമാനെ സമനിലയിൽ തളച്ച് ഇന്ത്യൻ യുവനിര

സൗഹൃദ മത്സരത്തിൽ ശക്തരായ ഒമാനെ സമനിലയിൽ കുടുക്കി ഇന്ത്യൻ യുവനിര. 1-1 എന്ന നിലയിലാണ് ഇന്ത്യ ഒമാനെ സമനിലയിൽ തളച്ചത്. ഒരു ഗോളിന് പിന്നിട്ട് നിന്നതിന് ശേഷമാണ് ഇന്ത്യ സമനില ഗോൾ കണ്ടെത്തിയത്. ഗോൾ പോസ്റ്റിൽ മികച്ച പ്രകടനം നടത്തിയ അമരീന്ദർ സിങ് ആണ് ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിൽ സമനില നേടി കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്.

മത്സരം അര മണിക്കൂർ പിന്നിടുന്നതിന് മുൻപ് തന്നെ ഒമാന് മത്സരത്തിൽ മുൻപിലെത്താനുള്ള സുവർണ്ണാവസരം ലഭിച്ചു. റൗളിങ് ബോർഗ്‌സ് ഒമാൻ താരത്തെ ഫൗൾ ചെയ്തതിന് ഒമാന് അനുകൂലമായി റഫറി പെനാൽറ്റി വിളിച്ചെങ്കിലും ഒമാൻ താരം അൽ മക്ബലിയുടെ പെനാൽറ്റി അമരീന്ദർ സിങ് രക്ഷപ്പെടുത്തുകയായിരുന്നു.

എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട്മുൻപ് ഒമാൻ മത്സരത്തിൽ മുൻപിലെത്തി. ഒമാൻ താരം അൽ അക്ബരിയുടെ ക്രോസ്സ് അമരീന്ദറിന്റെയും ചിങ്ലെൻസനയുടെയും ദേഹത്ത് തട്ടി ഇന്ത്യൻ പോസ്റ്റിൽ പതിക്കുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ബിപിൻ സിംഗിന്റെ മനോഹരമായ ഒരു ക്രോസിന് തലവെച്ച് മൻവീർ സിങ് ഇന്ത്യക്ക് മത്സരത്തിൽ സമനില നേടികൊടുക്കുകയായിരുന്നു.