ചൈനയെ ഇനി കളി പഠിപ്പിക്കുക ഇറ്റാലിയൻ ഇതിഹാസം കന്നവാരോ

ചൈനീസ് ദേശീയ ടീമിന്റെ പരിശീലകനായി ഇറ്റാലിയൻ ഇതിഹാസം ഫാബിയോ കന്നവരോ ചുമതലയേറ്റെടുക്കും. നിലവിൽ ചൈനീസ് സൂപ്പർ ലീഗ് ക്ലബായ ഗുവാങ്‌സോ എവെർഗ്രാൻഡെയുടെ മാനേജരാണ് കന്നവരോ. ഇറ്റാലിയൻ പരിശീലകൻ മാഴ്‌സെല്ലോ ലിപ്പിക്ക് പകരക്കാരനായാണ് മുൻ ലോക ചാമ്പ്യൻ ചൈനീസ് ടീമിൽ എത്തുന്നത്.

45 കാരനായ കന്നവാരോ താത്കാലിക പരിശീലകനായാണോ സ്ഥിരം പരിശീലകനായാണോ ചൈനീസ് ടീമിലെത്തുന്നതെന്നു വ്യക്തമല്ല. ചൈന കപ്പിന് മുന്നോടിയായാണ് പരിശീലകന്റെ വേഷത്തിൽ കന്നവാരോ എത്തുന്നത്. വ്യാഴാഴ്ച ബടക്കുന്ന മത്സരത്തിൽ തായ്‌ലൻഡ് ആണ് എതിരാളികൾ.

ലിപിക്ക് പകരക്കാരായി കന്നവാരോ വരുന്നത് ഇതാദ്യമായല്ല. 2012 ൽ എവെർഗ്രാൻഡെയുടെ പരിശീലകനായിട്ടാണ് ലിപ്പി ചൈനയിൽ എത്തുന്നത്. പിന്നീട് അവരുടെ സ്പോർട്ടിങ് ഡയറക്ടർ ആവാൻ സ്ഥാനമൊഴിഞ്ഞപ്പോൾ പകരക്കാരനായി എത്തിയതും കന്നവാരോ ആണ്. ബുഫൺ കഴിഞ്ഞാൽ ഇറ്റലിക്ക് വേണ്ടി ഏറ്റവുമധികം തവണ ബൂട്ടണിഞ്ഞത് കന്നവാരോയാണ്. എക്കാലത്തെയും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളായ കന്നവാരോ ബാലൻ ദേയോർ നേടിയ മൂന്നു പ്രതിരോധ താരങ്ങളിൽ (ബെക്കൻബോവർ,സമ്മേർ) ഒരാളാണ്.