നുനോ സാന്റോ ഇനി സൗദിയിൽ പരിശീലിപ്പിക്കും

മുൻ സ്പർസ് പരിശീലകൻ നുനോ സാന്റോ സൗദിയിലേക്ക്. സൗദി ക്ലബായ അൽ ഇത്തിഹാദിന്റെ പരിശീലകനായി നുനോ ചുമതലയേറ്റു. 2024വരെയുള്ള കരാർ അദ്ദേഹം ഇത്തിഹാദിൽ ഒപ്പുവെച്ചു. കഴിഞ്ഞ സീസൺ തുടക്കത്തിൽ സ്പർസിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തിരുന്ന നുനോ സാന്റോസിന് വളരെ കുറച്ച് മത്സരങ്ങൾ കൊണ്ട് തന്നെ ക്ലബ് വിടേണ്ടി വന്നിരുന്നു‌. അതിനു ശേഷം അദ്ദേഹം പരിശീലക ചുമതല ഒന്നും ഏറ്റെടുത്തിരുന്നില്ല.

വോൾവർഹാംപ്ടൺ വാണ്ടറേഴ്സിലെ നാലുവർഷത്തെ സ്പെല്ലിന് ശേഷമായിരുന്നു നൂനോ അന്ന് സ്പർസിൽ എത്തിയത്. വോൾവ്സിനെ ചാമ്പ്യൻഷിപ്പിൽ നിന്ന് പ്രീമിയർ ലീഗിലേക്ക് കൊണ്ടു വരാനും ആദ്യ രണ്ട് സീസണുകളിൽ ഏഴാം സ്ഥാനം വോൾവ്സിന് നേടിക്കൊടുക്കാനും നുനോയ്ക്ക് ആയിരുന്നു. 2019/20ൽ യുവേഫ യൂറോപ്പ ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് വോൾവ്സിനെ എത്തിക്കാനും അദ്ദേഹത്തിനായി. മുമ്പ് സ്പാനിഷ് ക്ലബായ വലൻസിയയെയും നുനോ പരിശീലിപ്പിച്ചിട്ടുണ്ട്.