നൈജീരിയൻ ഇതിഹാസ ഗോൾകീപ്പറും ‘ഡൊഡോമായന’ (Dodomayana) എന്നറിയപ്പെടുന്ന പീറ്റർ റുഫായ് (Peter Rufai) 61-ആം വയസ്സിൽ അന്തരിച്ചു. കുറച്ചുകാലമായി അസുഖബാധിതനായിരുന്ന അദ്ദേഹത്തിന്റെ മരണം ലാഗോസിൽ വെച്ചായിരുന്നു. നൈജീരിയൻ ഫുട്ബോൾ ഫെഡറേഷൻ (NFF) വ്യാഴാഴ്ചയാണ് ഈ വിവരം സ്ഥിരീകരിച്ചത്.

നൈജീരിയൻ ഫുട്ബോളിലെ ഒരു വലിയ വ്യക്തിത്വമായിരുന്നു റുഫായ്. ദേശീയ ടീമിനായി 65 മത്സരങ്ങളിൽ അദ്ദേഹം കളിച്ചു. 1994-ൽ ട്യുണീഷ്യയിൽ നടന്ന ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് (AFCON) കിരീടം നൈജീരിയ നേടിയപ്പോൾ സൂപ്പർ ഈഗിൾസിന്റെ വിജയത്തിൽ റുഫായ്ക്ക് നിർണായക പങ്കുണ്ടായിരുന്നു. ഫൈനലിൽ സാംബിയയെ 2-1 ന് തോൽപ്പിച്ചാണ് നൈജീരിയ തങ്ങളുടെ രണ്ടാം ആഫ്കോൺ കിരീടം നേടിയത്. അതേ വർഷം യുഎസ്എയിൽ നടന്ന ഫിഫ ലോകകപ്പിലും റുഫായ് കളിച്ചു. പിന്നീട് 1998-ൽ ഫ്രാൻസിൽ നടന്ന ലോകകപ്പിലും അദ്ദേഹം നൈജീരിയയെ പ്രതിനിധീകരിച്ചു.
തന്റെ ഉജ്ജ്വലമായ കരിയറിൽ നൈജീരിയയിൽ മാത്രമല്ല ബെനിൻ, ബെൽജിയം, നെതർലാൻഡ്സ്, പോർച്ചുഗൽ, സ്പെയിൻ എന്നിവിടങ്ങളിലെ ക്ലബ്ബുകളിലും റുഫായ് കളിച്ചു.