ബ്രസീൽ ഇതിഹാസ താരം നെയ്മർ ജൂനിയർ തന്റെ കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായി. കാൽമുട്ടിലെ ലിഗമെന്റിനേറ്റ പരിക്കിന് (Medial Meniscus Injury) പരിഹാരമായി നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് താരത്തിന്റെ ബാല്യകാല ക്ലബ്ബായ സാന്റോസ് അറിയിച്ചു. ബ്രസീൽ ദേശീയ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.

തരംതാഴ്ത്തൽ ഭീഷണിയിലായിരുന്ന സാന്റോസിനെ രക്ഷിക്കാൻ കടുത്ത വേദന സഹിച്ചും താരം കളത്തിലിറങ്ങിയിരുന്നു. സീസണിലെ അവസാന നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടി ക്ലബ്ബിന്റെ നിലനിൽപ്പ് ഉറപ്പാക്കിയ ശേഷമാണ് താരം ശസ്ത്രക്രിയയ്ക്ക് തയ്യാറായത്. ഏകദേശം ഒരു മാസത്തെ വിശ്രമത്തിന് ശേഷം ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ നെയ്മറിന് വീണ്ടും പരിശീലനം പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
2026 ജൂണിൽ ആരംഭിക്കുന്ന ലോകകപ്പിന് മുൻപായി പൂർണ്ണ കായികക്ഷമത വീണ്ടെടുക്കുക എന്നതാണ് 33-കാരനായ നെയ്മറുടെ ലക്ഷ്യം. 79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ നെയ്മർക്ക്, ടീമിൽ തിരിച്ചെത്തണമെങ്കിൽ ശാരീരികക്ഷമത അനിവാര്യമാണെന്ന് പരിശീലകൻ കാർലോ ആഞ്ചലോട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
ലോകകപ്പിൽ ഗ്രൂപ്പ് സിയിൽ സ്കോട്ട്ലൻഡ്, മൊറോക്കോ, ഹെയ്തി എന്നിവർക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരങ്ങൾ.









